വീരപുത്രന്‍

| Posted in | Posted on

0



പരദേശി എന്ന ചിത്രത്തിനു ശേഷം പി.ടി. കുഞ്ഞുമുഹമ്മദ് ഒരുക്കിയ ഒരു ചരിത്ര സിനിമയാണ് വീരപുത്രന്‍. ഇതിനകം തന്നെ, ചരിത്രത്തെ വളച്ചൊടിക്കാന്‍ പി.ടി.കുഞ്ഞുമുഹമ്മദ് ശ്രമിച്ചു എന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കേ, ഗര്‍ഷോം, മഗ്‌രിബ് തുടങ്ങിയ നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത പി.ടിയുടെ വളരെ ബാലിശമായ സംരഭമായി വീരപുത്രനെ ഉപമിക്കാം.


മലയാളത്തിലെ മുന്‍നിര സിനിമാനടീനടന്മാര്‍ക്ക് പുറമെ സീരിയല്‍-നാടകരംഗത്തുമുള്ള നൂറോളം നടീനടന്മാര്‍ അണിനിരന്ന വീരപുത്രന്‍ പ്രേക്ഷകനെ ഒരര്‍ഥത്തിലും രസിപ്പിച്ചില്ല എന്നു വേണം പറയാന്‍. വടക്കന്‍ വീരഗാഥയും, കാലാപാനിയും, പഴശ്ശിരാജയും, ഉറുമിയുമൊക്കെ കണ്ടുപതിഞ്ഞ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വികാരത്തിന്‍റെ  ഒരു നേരിയ സ്പര്‍ശം പോലും ഏല്‍പ്പിക്കാതെയാണ് വീരപുത്രന്‍ തീയറ്ററുകളില്‍ നിരങ്ങി നീങ്ങുന്നത്.


1921 മുതല്‍ വരെയുള്ള 1945 കാലഘട്ടത്തില്‍ മലബാറില്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ശക്തനായ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ തിരശ്ശീലയില്‍ പുതുജീവനെടുത്ത് അവതരിച്ചപ്പോള്‍, പ്രസ്തുത കഥാപാത്രം അവതരിപ്പിച്ച നരേന്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു. എവിടെയോ ഒരു നേരിയ രൂപ സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍, നരേന്‍ അഭിനയിച്ച കഥാപാത്രത്തിന് പലപ്പോഴും ആവശ്യത്തിനുള്ള ഗാംഭീര്യമോ, ശൗര്യത്വമോ എന്തിന് കേവലം ഊര്‍ജ്ജമെങ്കിലും പ്രേക്ഷകരിലെത്തിക്കാനായില്ല.


സിനിമയുടെ തിരക്കഥയില്‍ കാര്യമായ കുഴപ്പം പ്രേക്ഷകന് ബോധ്യപ്പെടുന്നുണ്ട്. അബ്ദുറഹിമാന്‍ സാഹിബിന് തന്റെ ഭാര്യയോട് അഗാധമായ പ്രണയമാണെന്ന് കാണിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ മധ്യഭാഗത്ത് ഭാര്യ കുഞ്ഞി ബീവാത്തുവുമായുള്ള പ്രണയ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും അരോചകമായ രംഗങ്ങളായിരുന്നു അവ. കുഞ്ഞിബീവാത്തുവായി അഭിനയിച്ച റിമ സെന്നിന് ആ കഥാപാത്രം വെച്ചുകെട്ടിയ കോലമായി തോന്നിച്ചു.


ചിത്രത്തിലെ വസ്ത്രാലങ്കാരം വലിയ കുഴപ്പമില്ലായിരുന്നുവെങ്കിലും മെയ്ക്കപ്പ് പാടേ പരാജയമായിരുന്നു. ഇതില്‍ വസൂരി വന്നതായി രണ്ട് കഥാപാത്രങ്ങളെ കാണിക്കുന്നു. ആ കഥാപാത്രങ്ങളുടെ ക്ലോസപ്പ് ദൃശ്യങ്ങളില്‍ വസൂരിക്കലകള്‍ വെളുത്ത വെള്ളത്തുള്ളികളായാണ് അനുഭവപ്പെട്ടത്. പൊതുവെ വസൂരിക്കുരുക്കള്‍ പഴുത്താണ് പൊട്ടി ഒലിക്കാറുള്ളത്. ഇത്തരത്തിലുള്ള അപാകതകള്‍ ധാരാളമുള്ള ഒരു ചിത്രമാണ് വീരപുത്രന്‍. ഇതില്‍ ഒരു വീഥി സംവിധായകന്‍ കാണിക്കുന്നുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഒരേ വീഥി കാണിക്കുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു. 


ചിത്രത്തിന്‍റെ തിരക്കഥയിലും ഇതേ ആവര്‍ത്തനവിരസത പലഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. പ്രധാനമായും മൂന്നു ഘട്ടങ്ങളിലാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു ജാഥ, ഒരു പ്രസംഗം അല്ലെങ്കില്‍ ഒരു മീറ്റിങ്. ഈ മൂന്നു കാര്യങ്ങള്‍ തന്നെ ഒന്നിടവിട്ട്, സ്ഥലങ്ങളും ആളുകളും മാറുന്നുവെന്നതല്ലാതെ, ചിത്രം വിരസമായി മുമ്പോട്ടു പോവുന്നു. 


ചിത്രത്തില്‍ ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിന്‍റെ മൃഗങ്ങളോടുന്ന സ്നേഹം കാണിക്കുന്ന രംഗത്ത് ഗ്രാഫിക്‌സ് ക്രിയേറ്റ് ചെയ്ത മാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തികച്ചും ബാലിശമായ ഒരു നീക്കമായി പ്രേക്ഷകന് ഇത് അനുഭവപ്പെടുന്നു. കാരണം കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന രീതിയിലുള്ള മാനാണ് ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിനൊപ്പം നടക്കുന്നത്. 


ചിത്രത്തിലെ ഗാനരംഗങ്ങള്‍ പലതും അനാവശ്യമായി കുത്തിച്ചേര്‍ത്തതായി അനുഭവപ്പെടുന്നു. പേരാത്തതിന് ചിത്രത്തില്‍ ഒരു കഥയില്ലാതെ, ഒരു വരണ്ട അവതരണമാണ് പി.ടി. അവലംബിച്ചിരിക്കുന്നത്. കഥയ്ക്ക് മുന്‍പേ കഥയുടെ പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമമൊന്നും പി.ടി. ചെയ്തതായി കണ്ടില്ല. ചുരുക്കത്തില്‍ വീരപുത്രന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാത്തതുപോലെ അവാര്‍ഡ് മേശപ്പുറത്തും ഇടം തേടാനുള്ള സാധ്യതകള്‍ കാണുന്നില്ല.

സാന്‍വിച്ച്

| Posted in | Posted on

1



കുഞ്ചാക്കോ ബോബന്‍റെ മറ്റൊരു ഹാസ്യ-കുടുംബ ചിത്രം. നവാഗതനായ എം.എസ്. മനുവിന്‍റെ ആദ്യ ചിത്രമാണ് സാന്‍വിച്ച്. വളരെ ആകര്‍ഷണീയമായ പേരായിരുന്നു ചിത്രത്തിന്റെത്. പക്ഷേ, ആ നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നതാണ് പരമാര്‍ത്ഥം.


  ഏറെക്കാലം ഷാജികൈലാസ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ചുക്കാന്‍ പിടിച്ച മനുവിന് കുറച്ചുകൂടെ നല്ലരീതിയില്‍ 'സാന്‍വിച്ച്' നിര്‍മ്മിക്കാമായിരുന്നു. ചാക്കോച്ചന്‍, സായ് എന്ന കഥാപാത്രത്തെ തട്ടലും മുട്ടലുമില്ലാതെ ചെയ്തു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ മുഴുക്കെ ബോറന്‍ സീനുകളായിരുന്നു. കൂടാതെ നായികയായ റിച്ച പനാവി ആ കഥാപാത്രവുമായി ഒട്ടും ഇഴുകിചേരാത്തതുപോലെ തോന്നിച്ചു. ആദ്യ ചിത്രമായ വാടാമല്ലിയ്ക്ക് ശേഷം റിച്ച അഭിനയിച്ച മലയാള ചിത്രമാണ് സാന്‍വിച്ച്. 


റിച്ചയെ കൂടാതെ ചാക്കോച്ചന്റെ സ്ഥിരം അച്ഛനായി ലാലു അലക്‌സ്, അമ്മയായി ശാരി എന്നിവര്‍ വേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട് ഒരു ഹാസ്യകഥാപാത്രത്തിനൊപ്പം ഒരു ചെറിയ വില്ലന്‍കൂടിയാണ് ചിത്രത്തില്‍. എന്നും തീവ്രമായ ഗുണ്ടായിസം മാത്രം കണ്ടുശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് പേടിത്തൊണ്ടന്മാരായ ഒരു ഗുണ്ടാഗ്യാങ്ങിനെ പരിചയപ്പെടുത്തുകയാണ് സൂരാജിലൂടെ. സുരാജ് അവതരിപ്പിച്ച ആണ്ടിപ്പട്ടി നായ്ക്കന്‍ എന്ന കഥാപാത്രം ഇല്ലായിരുന്നുവെങ്കില്‍ ചിത്രം പരിപൂര്‍ണമായും ശൂന്യമായിപ്പോയേനെ. ചാക്കോച്ചന്‍ എന്ന വളര്‍ന്നു വരുന്ന കലാകാരന് ഏതു കഥാപാത്രവും വഴങ്ങില്ല എന്ന് തെളിയിച്ച മറ്റൊരു ചിത്രം കൂടിയാണ് സാന്‍വിച്ച്.


കുറച്ചു സീനുകളിലാണെങ്കിലും പുതിയ തലമുറയിലെ അനന്യ മറ്റൊരു വേഷത്തിലെത്തുന്നു. കൂടാതെ വിജയകുമാര്‍ ഏറെക്കാലത്തിനു ശേഷം നല്ലൊരു വേഷത്തിലെത്തി എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അതോടൊപ്പം ബിജുപപ്പന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയ മിമിക്രിക്കാരും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. നമ്മുടെ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പതിവ് പോലീസ് വേഷത്തിലും.


മലയാളത്തിലും തമിഴിലും പേരെടുത്ത ഡോണ്‍മാക്‌സ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. രതീഷ് സുകുമാരന്‍റെ കഥയ്ക്ക് പ്രദീപ് നായര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. അപക്വമായ ഒരു ക്യാമറമാനെപ്പോലെ തോന്നിച്ചു പ്രദീപിന്റെ പല ഷോട്ടുകളും.  മുരുകന്‍ കാട്ടാക്കടയും സ്മിത പിഷാരടിയും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ജയന്‍ പിഷാരടി സംഗീതം നിരവ്വഹിച്ചിരിക്കുന്നു. 


എങ്കിലും എം.സി. അരുണും സുദീപ് കാരാട്ടും ചേര്‍ന്ന് ഒരുക്കിയ സാന്‍വിച്ചില്‍ എം.എസ്. മനു അമര്‍ന്നുപോയി. തീയറ്ററുകളില്‍ സാന്‍വിച്ച് പഴമ മണക്കുന്നു എന്ന അഭിപ്രായമാണ്.

ഇന്ത്യന്‍ റുപ്പി

| Posted in | Posted on

0




പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത് പ്രേക്ഷകരുടെ സമക്ഷം സമര്‍പ്പിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് വീണ്ടും തന്‍റെ ശൗരത്വം ഉപേക്ഷിച്ച് 'പഴയ മോഹന്‍ലാല്‍' ചമയം കെട്ടിയാടാന്‍ തുനിഞ്ഞിറങ്ങിയതുപോലെ തോന്നിച്ചു. എങ്കിലും താന്‍ മുണ്ടുമുടുത്ത് ഇറങ്ങിയാല്‍ വേണമെങ്കില്‍ എന്തും ചെയ്യാനൊക്കുമെന്ന് പൃഥ്വിരാജ് ഒന്നുകൂടെ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി.



ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പ്രാഞ്ചിയേട്ടനു ശേഷം തന്റെ സംവിധാന രീതിയില്‍ അടിമുടി പുതിയ രീതി അവലംബിച്ച രഞ്ജിത് ഈ ചിത്രത്തിലും പ്രത്യേക സംവിധാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പ്രമേയത്തിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് പുതുമകള്‍ തേടാനായില്ലെങ്കിലും രഞ്ജിത്തിന് പതിവു സംവിധാന രീതികളില്‍ നിന്നും കുറച്ചു മാറി നില്‍ക്കാനേ സാധിച്ചിട്ടുള്ളൂ. 


നോട്ട് ഇരട്ടിപ്പിന്‍റെ കഥകള്‍ ഇതിനകം പലതവണ പലരാല്‍ പറയപ്പെട്ടതു തന്നെ വീണ്ടും കഥാതന്തുവാക്കിയതിനു പിന്നിലെ ഔചിത്യം എന്തായിരിക്കും എന്ന് രഞ്ജിത്തിനു മാത്രമെ പറയുവാന്‍ സാധിക്കുകയുള്ളൂ.


 പുതുമയുള്ള പ്രമേയങ്ങളുമായി മുന്നിട്ടിറങ്ങുന്ന യുവാക്കള്‍ക്ക് അവസരം നല്‍കാതെ 'താപ്പാനകള്‍' വിഹരിക്കുന്ന മലയാളസിനിമയില്‍ നിന്നും ഇതൊക്കെ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പക്ഷേ, ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ 'ഇന്ത്യന്‍ റുപ്പി'ക്കായിട്ടുണ്ട്. എങ്കിലും അണിയറ ശില്പികളുടെ സംസാരം അവര്‍ക്ക് 'ടേബിള്‍ പ്രോഫിറ്റ്' അതായത് ഇറക്കിയ കാശ് ഇതിനകം കിട്ടിയെന്നാണ്. 


എത്ര മുണ്ടുടുത്ത് അഭിനയിച്ചാലും തന്‍റെ ഒരു ഹീറോയിസം വീട്ട് മറ്റൊരു ജോലിയ്ക്കില്ല എന്നു തോന്നിപ്പിക്കുന്നതായിരുന്നു പൃഥ്വിരാജിന്‍റെ ജെ.പി. എന്ന കഥാപാത്രം. കോഴിക്കോടും പരിസരവും കഴിയുന്നത്ര രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ രഞ്ജിത്തിനായിട്ടുണ്ട്.


 നമ്മുടെ പരിസരങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, എങ്കിലും എന്തോ ഒരു അപൂര്‍ണ്ണത ചിത്രത്തിലുടനീളം നിഴലിക്കുന്നു. പശ്ചാത്തല സംഗീതം വളരെ നിലവാരം കുറഞ്ഞതായി തോന്നി. ഷഹബാസ് കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ കൊടുക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു.  മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് നായികയായ റിമ കല്ലിങ്ങലിന് കാര്യമായ ഒന്നും ചെയ്യാനില്ലാത്തത് അവളുടെ കുഴപ്പമായി കണക്കാക്കാന്‍ സാധ്യമല്ല. ഏറെക്കാലത്തിനു ശേഷം മിന്നുന്ന കഥാപാത്രമായി തിലകന്‍ വന്നു എന്നത് എടുത്തുപറയക്കത്ത വിഷയമാണ്. 


സ്‌നേഹവീട്

| Posted in | Posted on

1




ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'സ്‌നേഹവീട്' കുടുംബ സദസുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു.
അമ്പതുകളില്‍ നില്‍ക്കുന്ന സത്യന്‍ അന്തിക്കാടിനെക്കുറിച്ച് നമുക്ക് എന്തു പറയാന്‍! ഇപ്പോഴും ആ കാലഘട്ടത്തില്‍ ചിത്രമെടുക്കുന്ന പഴഞ്ചന്‍ രീതിയില്‍ തന്നെ സിനിമകള്‍ എടുത്ത് സാമാന്യം വിജയം കൊയ്യാന്‍ 'സത്യന്‍ അന്തിക്കാട്' എന്ന പേരിന് ഇക്കാലത്തും സാധ്യമാവുന്നു എന്നതു തന്നെ അത്ഭുതമാണ്. ഒരേ തരത്തില്‍, ഒരേ ഫോര്‍മാറ്റില്‍ ചിത്രമെടുത്ത് വിജയിപ്പിക്കുക എന്നത് വലീയൊരു കാര്യമാണ്. അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ നേടിയെടുത്ത പേരാണ് അതിന് പുറകിലെന്നതും മറ്റൊരു സത്യം മാത്രമാണ്. 


ഇന്നത്തെകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രമെടുക്കുന്നതുപോലെ മറ്റൊരാളും ചിത്രമെടുക്കാന്‍ താല്‍പര്യപ്പെടുകയില്ല. കാരണം ഒരു കാരണവശാലും ആ ചിത്രം കളക്ഷന്‍ നേടിക്കൊടുക്കില്ല എന്ന പൂര്‍ണ്ണ ഉറപ്പുണ്ടാവും. 
മനസിനക്കരയില്‍ ഷീല ചെയ്ത കഥാപാത്രത്തിനെ ഒന്നു വളച്ചു നിവര്‍ത്തിയതാണ് സ്‌നേഹവീടിലെ കഥാപാത്രം. ഒട്ടുമിക്ക സന്ദര്‍ഭങ്ങളും ജീവിതങ്ങളും എല്ലാം ഒരുപോലെ തന്നെ. വാസ്തവത്തില്‍ എന്നും ഒരുപോലെ പ്രേക്ഷകരുടെ മുമ്പിലേക്ക് സിനിമയെ വിളമ്പുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മടുപ്പ് അദ്ദേഹത്തിന്റെ ഈ സിനിമയിലും ഉണ്ടാവുന്നു. മനസിനക്കരെ, ഭാഗ്യദേവത, സ്‌നേഹവീട് എല്ലാം ഒരച്ചില്‍ വാര്‍ത്തെടുത്ത ചിത്രങ്ങള്‍. കുറച്ച് കായലും, പാടങ്ങളും തെങ്ങുകളും മാറുന്നു എന്നു മാത്രം. ഇത്തരത്തില്‍ ഇനിയും സത്യന്‍ അന്തിക്കാട് മുമ്പോട്ടു പോവുകയാണെങ്കില്‍ തിര്‍ച്ഛയായും സമീപ കാലത്തെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാവി എന്താവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.


 അല്ലെങ്കില്‍, ജോഷിയൊക്കെ കാലത്തിനൊത്ത് മാറിയതുപോലെ അദ്ദേഹവും മാറേണ്ടിയിരിക്കുന്നു.
സ്‌നേഹവീടില്‍ നല്ലൊരു താര നിരയുണ്ട്. സത്യന്‍ന്റെ സ്ഥിരം ടീമുകള്‍, കെ.പി.എ.സി. ലളിത, ഇന്നസെന്റ്, മാമുക്കോയ......അങ്ങിനെ പോവുന്നു.


 ഒരു സര്‍ക്കാര്‍ ഓഫീസെന്ന മട്ടിലാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമ ഷൂട്ടിങ്ങും സിനിമയും എല്ലാം മുമ്പോട്ട് പോവുന്നത്. ഇത്തവണ നല്ലൊര ഭാവിയുള്ള ചെറുപ്പക്കാരന്‍ നടനെ സത്യന്‍ സംഭാവന ചെയ്തു എന്നൊഴിച്ചാല്‍ ചിത്രം ശൂന്യമാണ്. 


ഇളയരാജയുടെ ഒരു ഗാനം മാത്രമാണ് ഇപ്പോള്‍ സാമാന്യം നല്ല രീതിയില്‍ ജനങ്ങളുടെ മനസ്സില്‍ നില്‍ക്കുന്നത്. എങ്കിലും, കൂടുംബപ്രേക്ഷകര്‍ കയറി പതിവുപോലെ സത്യന്‍ സിനിമയ്ക്ക് വന്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കുമെന്നുള്ളതില്‍ മറ്റൊരു തര്‍ക്കമില്ല.