മനുഷ്യമൃഗം

| Posted in | Posted on

0





ബ്ലാക്ക് ഡാലിയയ്ക്ക് ശേഷം അഡ്വ.ബാബുരാജ് കഥ, തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയ ചിത്രമാണ് 'മനുഷ്യമൃഗം'. പേരുപോലെതന്നെ മനുഷ്യമൃഗമായ ഒരാളുടെ കഥയാണ് ഈ ചിത്രത്തിലൂടെ ബാബുരാജ് പറയുന്നത്. ഇന്ന് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തെ മുന്‍നിര്‍ത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിലെ പ്രധാന കഥാപാത്രമായ ലോറി ഡ്രൈവറായ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത് ബാബുരാജ് തന്നെയാണ്.




കാമം കൊണ്ട് മനോരോഗിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ ആദ്യഭാഗം മുഴുവന്‍ ആ കഥാപാത്രത്തിന്റെ കാമവിഭ്രാന്തികള്‍ കാണിക്കുന്നു. ഒളിഞ്ഞുനോട്ടം, എത്തിനോട്ടം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സന്ദര്‍ഭങ്ങളില്‍ നായികമാരുടെ കുറച്ചു ഇക്കിളിപ്പെടുത്തുന്ന ഭാഗങ്ങള്‍ ചെറുപ്പക്കാര്‍ക്കായി ബാബുരാജ് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഇതൊരു ഇക്കിളി പടമാണെന്നുവരെ തോന്നിപ്പോയി.




സിനിമാ ബന്ധം മുതലെടുത്ത്, പ്രിഥ്‌വിരാജ്, കലാഭവന്‍ മണി, ജഗതി എന്നിവരെ പേരിനു മാത്രമുള്ള റോളുകളില്‍ പ്രതിഷ്ഠിക്കാന്‍ ബുദ്ധിമാനായ ബാബുരാജിനായി. അതുമൂലം ചുരുങ്ങിയത് ഒരു കോടിയലധികം സാറ്റലൈറ്റ് മൂല്യം നേടാന്‍ ബാബുരാജിന്റെ ഭാര്യയായ വാണിവിശ്വനാഥ് എന്ന പ്രൊഡ്യൂസറിനായിക്കാണും. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് ഒരു പ്രിഥ്‌വിരാജ് ചിത്രം പ്രതീക്ഷിച്ച് കയറുന്ന ആളുകള്‍ക്ക് പ്രിഥ്‌വിരാജ് ഒരു ഗസ്റ്റ് റോളാണെന്ന് അവസാനം മാത്രമാണ് അറിയുവാന്‍ കഴിയുന്നത്.




ചിത്രം മുഴുക്കെ അഭിനയിച്ച് തകര്‍ക്കുന്നത് ബാബുരാജാണ്. പതിവ് രീതികള്‍ അവലംബിച്ച ഈ ചിത്രം കാഴ്ചക്കാരെ രസിപ്പിക്കുന്നില്ല. തീയറ്ററുകള്‍ ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്. എടുത്തു പറയത്തക്ക സവിശേഷതകളൊന്നും കഥയ്ക്കോ, അവതരണത്തിനോ  ഇല്ലാത്തതിനാല്‍ ചിത്രം ഞരങ്ങി മുന്നോട്ടു പോവുന്നു.


ചിത്രത്തില്‍ എന്നത്തേയും പോലെ കുളപ്പുള്ളി ലീല ഉഗ്രന്‍ അഭിനയമാണ് കാഴ്ചവച്ചത്. ചിത്രത്തില്‍ തന്മയിത്വത്തോടെ അഭിനയിച്ച ഏക കഥാപാത്രവും ഇതു തന്നെ എന്നതില്‍ സംശയവുമില്ല. പലവിധം നായികമാരെക്കൊണ്ട് സുലഭമാണ് ഈ ചിത്രം. ചിത്രത്തില്‍ കിരണ്‍ എന്ന അന്യഭാഷാ നടിയാണ് ജോണിയുടെ ഭാര്യ വേഷം ചെയ്തിരിക്കുന്നത്. പരമാവധി സെക്‌സ് അപ്പീല്‍ ലഭ്യമാകുന്ന വിധത്തില്‍ അവളെ അവതരിപ്പിക്കാന്‍ ബാബുരാജ് കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.



 അപൂര്‍വ്വ എന്ന ചിത്രത്തിലൂടെ 'ഹെലന്‍' എന്ന പേരില്‍ വന്ന് ഇപ്പോള്‍ 'ഓവിയ' എന്ന പുതിയ പേരില്‍ അറിയപ്പെടുന്ന ഈ നടി ചിത്രത്തില്‍ കുറച്ചു പ്രധാന്യമുള്ള റോള്‍ അഭിനയിക്കുന്നു. ഈ നടിക്ക് ഈ റോളിനായി ഒരു പാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നതുപോലെ നമുക്ക് തോന്നാം. തമിഴില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നടിയായ ഓവിയയ്ക്ക് ഇപ്പോഴും താല്‍പര്യം മലയാള ചിത്രം തന്നെ. ചിത്രത്തില്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരിയായ 'ആന്റിയമ്മ' (സീരിയലിലെ കഥാപാത്രം) എന്ന ഐശ്വര്യ അല്‍പം ഗ്ലാമറസായ റോളാണ് ചിത്രത്തില്‍ ചെയ്യുന്നത്.

ഗ്ലാമറിന്റെ പരിവേഷവും പ്രൃഥ്‌വിരാജിനെയും കലാഭവന്‍ മണിയേയും ഉപയോഗിച്ച് ഗിമ്മിക്കുകളും കാണിച്ച്  എങ്ങിനെയും നാട്ടുകാരുടെ നാലു കാശ് ഉണ്ടാക്കാമെന്ന വ്യാമോഹത്തോടെയാണ് ഭാര്യാഭര്‍ത്താക്കന്മാരായ വാണിവിശ്വനാഥും ബാബുരാജും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്തായാലും കണ്ടിറങ്ങുന്ന പ്രേക്ഷകന് ചിത്രത്തിനെപ്പറ്റി തീരെ നല്ല അഭിപ്രായമില്ല.


ചാപ്പാകുരിശ്

| Posted in | Posted on

1



സമീപകാലത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രം. താരപ്പൊലിമകള്‍ ഒന്നുമില്ലാതെ സാവധാനത്തില്‍ ജീവിതത്തിന്റെ രണ്ടു തലങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ചിത്രം.




നല്ല രീതിയില്‍ സംവിധാനം ചെയ്ത ഒരു ചലച്ചിത്രം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ക്യാമറമാനായ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ഈ ചിത്രം സവിശേഷതകള്‍ ഏറെയുള്ള ഒരു നല്ല ചിത്രമാണ്.  ട്രാഫിക് എന്ന തന്റെ ചിത്രത്തിലൂടെ മലയാളത്തിന് ഒരു നല്ല ഹിറ്റ് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്റെ ഈ സംരംഭം ബോക്‌സോഫീസ് രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയൊന്നുമില്ലെങ്കിലും സാമാന്യം നല്ലയൊരു ചിത്രമാണ്. 




കഥാകൃത്തായ ഉണ്ണി.ആര്‍, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചതാണ് 'ചാപ്പാ കുരിശ്'. കൊച്ചിയിലെ സാധാരണ സംഭാഷണ രീതിയിലുള്ള ഒരു വാക്കാണ് ചാപ്പാകുരിശ്. എന്നുവച്ചാല്‍ 'ഹെഡ് ആന്റ് ടെയില്‍'. വാസ്തവത്തില്‍ ഉന്നതനായ അര്‍ജുന്‍ എന്ന ബില്‍ഡറുടെ വേഷത്തില്‍ ഫഹദ് ഫാസിലും ഒരു സാധാരണക്കാരനായി വിനീത് ശ്രീനിവാസനും ഇതില്‍ വേഷമണിയുന്നു. രണ്ടുപേരും മത്സരിച്ചഭിനയിച്ച ഒരു ചിത്രമാണിത്. ക്ലൈമാക്‌സില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള സംഘട്ടനം വളരെ സവിശേഷതയുള്ളതാണ്.

മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. റോമ, രമ്യാനമ്പീശന്‍, നിവേദിത എന്നിവര്‍. സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായി വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ച നിവേദിത. മലയാളത്തിലെ ശാലീനത്വമുള്ള ശക്തയായ നായികയായി നിവേദിത വളരുമെന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 

ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം ചെയ്തിരിക്കുന്നത് രമ്യാ നമ്പീശനാണ്. തന്നെ മലയാളസിനിമ തഴയേണ്ടതില്ല, മറിച്ച് തനിക്ക് നല്ല കഥാപാത്രങ്ങളെ വിജയിപ്പിക്കുവാനാകും എന്ന് ശക്തമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു രമ്യയുടെത്. പേരിനൊരു നടി മാത്രമായി റോമ. കുറച്ചു ഭാഗമെ ഉള്ളുവെങ്കിലും സാമാന്യം നന്നായി റോമ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.
മലയാളത്തില്‍ മുന്‍പ് അഭിനയിച്ച് ഫലിക്കാതെ പോയ ഫഹദ്ഫാസില്‍ ശക്തമായി ഈ ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ വേറിട്ട രീതിയില്‍ അഭിനയിക്കാന്‍ തനിക്കാവുമെന്ന് ഫഹദ് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
ഇന്നത്തെ കാലഘട്ടത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സാധാരണ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍, അവതരണത്തില്‍ അമിതമായ വയലന്‍സോ മറ്റു കാര്യങ്ങളോ ഉള്‍പ്പെടുത്താതെ മനോഹരമായി ചെയ്ത ഒരു ചിത്രമാണ് ചാപ്പാകുരിശ്.




പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ എടുത്ത ചിത്രമാണ് ചാപ്പാകുരിശ്. സാധാരണക്കാരായ പ്രേക്ഷകരെ വല്ലാതെയൊന്നും രസിപ്പിക്കാത്ത ഈ ചിത്രം നല്ലതാണെങ്കിലും പ്രൊഡ്യൂസര്‍ക്ക് സന്തോഷം വരുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്....

സാള്‍ട്ട് ആന്റ് പെപ്പര്‍

| Posted in | Posted on

2



സവിശേഷതകള്‍ ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മലയാള ചിത്രം. എന്നാല്‍ സവിശേഷതകള്‍ ഏറെയുള്ള ഒരു ചിത്രം. സമീപ കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ  ചിത്രങ്ങളില്‍ ഏറെ വ്യത്യസ്തമായ ഒരു ചിത്രം. സംവിധാന മികവുകൊണ്ട് ഈ ചിത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു. ആഷിക് അബുവിന്റെ രണ്ടാമത്തെ ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പര്‍ ഇതിവൃത്തംകൊണ്ടും സംവിധാന രീതികൊണ്ടും മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ട്‌  നില്‍ക്കുന്നു.




ആദ്യരംഗത്തില്‍ ക്ലാസിലിരുന്ന് ഒരു കുട്ടി പുളി കടിക്കുന്ന രംഗമുണ്ട്. തീയറ്ററിലിരിക്കുന്ന സര്‍വ്വരുടേയും നാക്കില്‍ അപ്പോള്‍ ഒരു പുളികടിച്ച അനുഭൂതിയായിരുന്നു. ഒരുപക്ഷേ, മലയാള സിനിമയില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒന്ന്. ഒരുപക്ഷേ, ഈ പരീക്ഷണമാവും ചിത്രത്തിന് ദോഷകരമായി ഭവിച്ചത്. ബോക്‌സ്ഓഫീസില്‍ ചിത്രം പരാജയമാണ്. വലീയ തിരക്കുകളോ, തള്ളലോ ഇല്ലാതെ ഈ ചിത്രം ഇഴഞ്ഞു നീങ്ങുകയാണ്. നല്ല ചിത്രങ്ങള്‍ക്ക് എന്നും ബോകേ്‌സാഫീസില്‍ കനത്ത തിരിച്ചടിയാണ്. അത്തരത്തില്‍ അവസാനം കണ്ണീരുമായി പോയ ചിത്രമായിരുന്നു ശ്രീനിവാസന്‍ അഭിനയിച്ച 'ആത്മകഥ'.




കാളിദാസനും മായയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. രണ്ടുപേരും വിവാഹ പ്രായം കഴിഞ്ഞ് വിവിധ മാനസിക ഫ്രസ്‌ട്രേഷനുമായി കഴിയുന്നവര്‍. എന്നാല്‍ രണ്ടുപേരും നല്ല ഭക്ഷണ പ്രീയരുമാണ്. ഇവരുടെ ആഹാരപ്രിയം അവരുടെ പരസ്പര പ്രണയത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും വഴിയൊരുക്കുന്നു. അതിമനോഹരമായി ആഹാരത്തിനുള്ള പങ്ക് സംവിധായകന്‍ വരച്ചു ചേര്‍ത്തിരിക്കുന്നു. ഇതില്‍ കാളിദാസന്റെ ബന്ധുവായി മനു എന്ന കഥാപാത്രത്തെ ആസിഫലി അതരിപ്പിക്കുന്നു. 
അതുപോലെ മായയുടെ ബന്ധു മീനാക്ഷിയായി മൈഥിലിയും. രണ്ടുപേരും സാമാന്യം നന്നായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരുത്തം വന്ന രണ്ട് പേരാണ് ലാലും ശ്വേതമേനോനും. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ പരമാവധി നന്നാക്കിയിട്ടുണ്ട്. 




സാധാരണ സംസാരിക്കുന്ന രിതിയിലുള്ള ഇതിലെ ഡയലോഗ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഏതാണ്ട് ഒരു സീനിനു വേണ്ടുന്ന സമയം സാധാരണ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടുന്ന സമയം തന്നെ എടുത്തു ചിത്രീകരിച്ചതിനാല്‍  ചിത്രം പതുക്കെ നീങ്ങുന്നു എന്നൊരു പരാതി സാധാരണക്കാരനുണ്ട്. അതുകൊണ്ടാവാം ചിത്രത്തിന് തിരക്കില്ലാത്തത്. 




നല്ലരീതിയിലുള്ള ക്യാമറയാണ് ഷൈജു ഖാലിദിന്റെത് എന്ന് തെളിയിക്കുന്നതാണ് 'സാള്‍ട്ട ആന്റ് പെപ്പര്‍'. ബിജിബാലിന്റെ നല്ല ഗാനങ്ങളും ചിത്രത്തിന് മിഴിവേകി.  ഏറെ വ്യത്യസ്തമായി മലയാള സിനിമകള്‍ നിര്‍മ്മിച്ചാല്‍, ഇനി അതെത്ര നല്ലതാണെങ്കില്‍ കൂടി മലയാളി പ്രേക്ഷകര്‍ അതിനെ സ്വീകരിക്കില്ല. എന്താണാവോ കാരണം...?

ത്രീ കിങ്‌സ്

| Posted in | Posted on

1



മലയാളത്തിലെ പ്രധാന സംവിധായകരില്‍ ഒരാളായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ത്രീ കിംഗ്‌സ് കുറച്ചു ദിവസമായി തീയറ്ററുകളില്‍ വന്നിട്ട്. മലയാള സിനിമയ്ക്ക് ഇന്നേവരെ ഒരു ഹിറ്റ് സമ്മാനിക്കാന്‍ സാധ്യമാവാത്ത ഒരു സംവിധായകനാണ് ഇദ്ദേഹം. പക്ഷേ, എന്തെങ്കിലുമൊക്കെ സാഹസം അങ്ങേര് പടങ്ങളില്‍ കാണിക്കാറുമുണ്ട്. മൂന്നാമതൊരാള്‍ ഒരു ചെറിയ ഉദാഹരണം മാത്രം.




ഒന്നര വര്‍ഷം മുന്‍പിറങ്ങിയ വി.കെ.പിയുടെ 'ഗുലുമാല്‍' ഞരങ്ങി ഓടി രക്ഷപ്പെട്ടു. അത് ഷൂട്ടു ചെയ്യുമ്പോള്‍ ആരംഭിച്ചതാണ് ഈ ത്രീ കിംഗ്‌സ്. മലയാള സിനിമ കുറെ വളിപ്പത്തരങ്ങളുടെ പര്യായമാക്കാന്‍ ശ്രമിക്കുന്നതുപോലുളള ഒരു സിനിമയാണ് ത്രീകിങ്‌സ്. 




രാജകുടുംബത്തിലെ മൂന്നുപേരായ രാം (കുഞ്ചാക്കോ), ഭാസി (ഇന്ദ്രജിത്ത്) പിന്നെ ശങ്കര്‍ (ജയസൂര്യ) ഇവര്‍ മൂവരും കൊട്ടാരം സ്വത്ത് അവനവന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യാതൊരു ലോജിക്ക് പോലും ഇതില്‍ വര്‍ക്കൗട്ട് ചെയ്തിട്ടില്ല എന്നത് ചിത്രം കണ്ടപ്പോള്‍ തോന്നി. ഇതിനിടെ കൊട്ടാരത്തിന് അവകാശപ്പെട്ടുവെന്ന് പറയുന്ന ഒരു നിധി തേടി മൂവരും ഓടുന്നു. ഒടുക്കം ഒറിജിനല്‍ നിധി അവരുടെ കയ്യില്‍ തന്നെ എത്തുന്നു.



അസഹനീയമായ പല സന്ദര്‍ഭങ്ങളും അരോചകമായ ശബ്ദകോലാഹലങ്ങളും ചിത്രത്തെ ഒരു മോശം അനുഭവമാക്കി. കുറച്ചു സിനിമാ നടന്മാരെയും നടിമാരേയും കുറെ ഇവിടുന്നങ്ങോട്ടും അവിടുന്നിങ്ങോട്ടുമായി ഓടിച്ചാലൊന്നും സിനിമ ആവില്ല വി.കെ.പി. ഇതിനേക്കാള്‍ നല്ലത് അയാളുടെ പണി തന്നെയാണ്. 'ആട്' പിടുത്തം....

ഫിലിം സ്റ്റാര്‍ Salt & Pepper ആകുന്നു !!!

| Posted in | Posted on

0

ഫിലിം സ്റ്റാര്‍  Salt & Pepper ആകുന്നു !!!
                  ( EXCLUSIVE )

സ്ഥലം : കോഴിക്കോട് (ഇനിയിപ്പോള്‍ സംസ്ഥാനം മുഴുവനാണോ എന്ന് confirm ചെയ്യാനിരിക്കുന്നതെയുള്ളൂ.)


      ദിലീപ് OUT,   
   ആസിഫ് അലി IN  !!!

ഫിലിം സ്റ്റാര്‍ എന്ന ദിലീപ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ നഗരം മുഴുവന്‍ ഒട്ടിച്ചിരിക്കുന്നു, പ്രധാനമാധ്യമങ്ങളിലെല്ലാം ഇന്ന് റിലീസിംഗ് എന്ന വാര്‍ത്തയും.  ആദ്യ ഷോ കാണാന്‍വേണ്ടി തിയേറ്ററിലേയ്ക്ക് ഇരച്ചെത്തിയ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ക്ക് നിരാശ.  
കാരണം....  
ആസിഫ് അലി IN,  
ദിലീപ് OUT !!!
 
ദിലീപിന്റെ 'ഫിലിംസ്റ്റാര്‍' എന്ന ചിത്രത്തിന് ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സ്‌ കിട്ടിയില്ലത്രേ.  അതുകൊണ്ട് ഫിലിംസ്റ്റാര്‍ പെട്ടിയിലായി!!!!
ഇപ്പോള്‍ സാള്‍ട്ട് @ പെപ്പര്‍ സ്ക്രീനില്‍....!!!
തിയേറ്ററാകെ ഒഴിഞ്ഞു... ഇപ്പോള്‍ അവിടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം.
ഇത് സാള്‍ട്ട് & പെപ്പറിന് ഗുണമാകുമോ, അതോ വിനയാകുമോ...???
കാത്തിരുന്നു കാണാം.


പിന്‍കുറിപ്പ് : ഇന്നലെ ഡോ.ബിജുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആകാശത്തിന്റെ നിറം' എന്ന ഇന്ദ്രജിത്ത് ചിത്രത്തിന്‍റെ പൂജാവേളയില്‍, നമ്മുടെ മന്ത്രി ശ്രീ. ഗണേഷ് കുമാര്‍ ഒരു പ്രസ്താവനയിറക്കി, ഇനി മുതല്‍ സിനിമയെ നിയന്ത്രിക്കുന്നത്‌ സംഘടനയല്ല, ചലച്ചിത്ര അക്കാദമിയാണെന്ന്.  നിയന്ത്രിച്ചു നിയന്ത്രിച്ച്‌,  ഡിസ്ട്രിബ്യൂഷന്‍കാരെയും നിയന്ത്രിച്ചോ ആവോ...!

വയലിന്‍

| Posted in | Posted on

3




അപൂര്‍വ്വരാഗത്തിനു ശേഷം സിബി മലയില്‍ അണിയിച്ചൊരുക്കിയ സംഗീതസാന്ദ്രമായ പ്രണയചിത്രം. ആസിഫ് അലി, നിത്യമേനോന്‍ എന്നിവര്‍ നായകനും നായികയുമായ ഈ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ മനോജ് പിള്ളയാണ്. ബിജിബാലിന്റെ ഗാനങ്ങള്‍ക്ക് റഫീഖ് അഹമ്മദിന്റെ വരികളാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട്ടുകാരനായ ബിജിത്ത് ബാലയാണ്. 


ബിജിത്ത് 



സാധാരണ ഒരു പ്രണയ ചിത്രം എന്നതില്‍ കവിഞ്ഞ് സവിശേഷതകള്‍ ഒന്നുമില്ലാത്തൊരു ചിത്രമാണ് വയലിന്‍. അസിഫ് അലി അവതരിപ്പിച്ച എബി എന്ന അനാഥന്‍ റോസ്‌വില്ല എന്നവീട്ടില്‍ താമസത്തിന് എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. അവിടെയുള്ള എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുമായി അടുക്കുന്ന എബി നേരിടേണ്ടി വരുന്നത് ഒരു സാധാരണ വില്ലനെയാണ്. എത്രയോ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും സീനുകളും പ്രക്ഷകനെ മടുപ്പിക്കുന്നു. ആസിഫിന്റെ കൂടുതല്‍ ഫ്ളക്‌സിബിലിറ്റിയുള്ള കഥാപാത്രമാണ് എബി. ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് കുറച്ചൂടെ മെച്ചപ്പെട്ടുവരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഓള്‍ ദ ബസ്റ്റിനു ശേഷം അല്‍പ്പം കോമഡി കലര്‍ന്ന ഒരു കഥാപാത്രത്തെ വിജയിപ്പിച്ചെടുക്കാന്‍ ആസിഫിനായിട്ടുണ്ട്.




ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയെ കോരിത്തരിപ്പിച്ച ഒരാളാണ് സിബി മലയില്‍. പക്ഷേ, അദ്ദേഹത്തിന്റെ പ്രായമാണോ, അതോ കാഴ്ചപ്പാടാണോ വില്ലന്‍ എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധ്യമാവുന്നില്ല. ആയിരത്തില്‍ ഒരുവന്‍, അപൂര്‍വ്വരാഗം ഇപ്പോള്‍ വയലിന്‍. സിബി മലയിലിന്റെ ഗ്രാഫ് വിറച്ചുവിറച്ചാണിരിക്കുന്നത്. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിലത്തേക്ക് കൂപ്പുകുത്തിയേക്കാം. 


സംഗീത സാന്ദ്രമായ ഒരു ചിത്രം എന്ന നിലയില്‍ ഇതിനെ പരമാവധി മാര്‍ക്ക് ചെയ്യാല്‍ പലര്‍ക്കും സാധ്യമായിട്ടുണ്ട്.




 എന്നാല്‍, ഒരു ഗാനമൊഴിച്ച് മറ്റുള്ളവയൊന്നും അത്രകണ്ട് ഏശിയില്ല എന്നു പറയുകയാവും ഭേദം. എങ്കിലും ഇത്തിരി റൊമാന്റ് മൂഡുള്ള ഏതൊരാള്‍ക്കും വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒന്നാണ് വയലിന്‍. ബോക്‌സ്ഓഫീസില്‍ ഈ ചിത്രത്തിന്റെ സ്ഥിതി ഇത്തിരി പരുങ്ങലിലാവും എന്നതിന് തര്‍ക്കമൊന്നുമില്ല.

1993 ബോംബെ മാര്‍ച്ച് 12

| Posted in | Posted on

2






പ്രിയപ്പെട്ട മലയാള പ്രേക്ഷകരെ, നിങ്ങള്‍ക്ക് മലയാള സിനിമയുടെ പതിനാറാം അടിയന്തിരത്തിന് കൂടേണ്ടേ..? എങ്കില്‍ 1993 ബോംബെ മാര്‍ച്ച് 12 എന്ന സിനിമയ്ക്ക് റിസര്‍വേഷന്‍ ചെയ്ത് (അതും മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ തന്നെ വേണം) മറ്റു പ്രധാന പരിപാടികളൊക്കെ മാറ്റിവെച്ച് കാണണം. അപ്പോള്‍ നമ്മള്‍ മലയാള സിനിമയെക്കുറിച്ചും, നമ്മളെക്കുറിച്ചും, നമ്മുടെ പണത്തിനെക്കുറിച്ചും എല്ലാം ചിന്തിച്ചുപോവും. എന്തായാലും കുറച്ചു മാസം മുന്‍പ് മമ്മൂട്ടിയുടെ 'ട്രെയിന്‍' ഇടിച്ച് കൊലപ്പെടുത്തിയ മലയാള സിനിമയുടെ പതിനാറാം അടിയന്തിരത്തിന് വറുത്തുപ്പേരി വിളമ്പി രസിക്കുകയാണ് സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍.




പൊതുവെ തീവ്രവാദത്തിന്റെ വലീയ ശീലുകളൊന്നും ഏശാത്ത ഇന്ത്യാമഹാരാജ്യത്തിന്റെ ഇങ്ങേ അറ്റത്തുള്ള മലയാളി പ്രേക്ഷകര്‍ ഇന്നും ഒരു ബോംബിന്റെയോ, മറ്റു തീവ്രവാദ അക്രമത്തിന്റെയോ തീക്ഷ്ണത ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാണ്. ഒരു ലാഘവത്തോടെ നോര്‍ത്ത് ഇന്ത്യയിലെവിടെയെങ്കിലും ബോംബ് പൊട്ടിയാല്‍, ഒരു സാധാരണ വാര്‍ത്തപോലെ വായിച്ചു തള്ളുന്ന മലയാളി പ്രേക്ഷകര്‍ക്ക് ടെററിസം സബ്ജക്ടായ സിനിമയും ഏശാറില്ല. ഇത് പലതവണ ബോധ്യപ്പെട്ടതുമാണ്. ജയരാജ് ട്രെയിനിലൂടെ അടിവരയിട്ടതാണ്. എന്നിട്ടുമെന്തേ..മമ്മൂക്ക പഠിക്കാത്തൂ....




ഷാജഹാന്‍ എന്ന ചെറുപ്പക്കാരനെ ചതിയിലൂടെ ടെററിസ്റ്റാക്കിയതും തുടര്‍ന്ന് അയാളെ അവര്‍ ദുരുപയോഗപ്പെടുത്തുന്നതും സാഹചര്യം മൂലം സനാതനന്‍ ഭട്ട് എന്ന പൂജാരി ഈ ചെറുപ്പക്കാരനെ വിശ്വസിക്കുകയും, ഉപേക്ഷിക്കപ്പെട്ട് കടംകൊണ്ട് മൂടിയ അയാളുടെ കുടുംബത്തിനെ രക്ഷിക്കാന്‍ സനാതനന്‍ ഭട്ട് നാട്ടില്‍ വന്ന് മതം മാറി സമീറാവുകയും അയാളുടെ സഹോദരിയായ ആബിദ (റോമ)യെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പിന്നീട് തീവ്രവാദ ലിസ്റ്റില്‍പ്പെട്ട ഷാജഹാനുമായി ബന്ധമുണ്ടെന്ന പേരില്‍ സമീറും അറസ്റ്റ് ചെയ്യപ്പെട്ട് 9 വര്‍ഷക്കാലം ജയിലിലാവുന്നു. തിരിച്ചു വരുമ്പോള്‍ അയാളുടെ ഭാര്യ വേറെ വിവാഹം കഴിച്ചിരിക്കും. സിനിമ കഴിഞ്ഞു. പല സീനുകളും പരസ്പര ബന്ധമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥയില്‍ സാമാന്യം നല്ല കണ്‍ഫ്യൂഷന്‍ സംവിധായകനുതന്നെ വന്നതായി മനസ്സിലാക്കാന്‍ സാധ്യമായി. ആ നിലയ്ക്ക് ഇത് കാണുന്ന പ്രേക്ഷകനോ..? 




ചിലരുണ്ട്, ചിലതു ചെയ്യാന്‍ ആവത് കഷ്ടപ്പെടും. എത്ര കഷ്ടപ്പെട്ടാലും അത് അവര്‍ക്ക് ഭംഗിയായി ചെയ്യാനും പറ്റാതെ വരും. ഏതാണ്ട് അതേ സ്ഥിതിയാണ് റോമ ചെയ്ത ക്യാറക്ടര്‍. ജീവന്‍ കളഞ്ഞും പാവം കൊച്ച് കഷ്ടപ്പെട്ടു. പക്ഷേ, കാര്യമില്ലെന്ന് മാത്രം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ബാബു ജനാര്‍ദ്ദനന്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് വിളിച്ചോതുന്ന ചിത്രമാണ് ബോംബെ മാര്‍ച്ച് 12. 




തുടക്കത്തില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ കരുതി ' ഹല്ല...ഇത് ബസ് കണ്ടക്ടറല്ലെ...' എന്ന്. കാക്കിക്കുപ്പായവും താടിയുമായി ബസ് കണ്ടക്ടര്‍ എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ രൂപത്തില്‍ നിന്നുപോലും ഒരു വ്യത്യാസവുമില്ല. പിന്നെ മമ്മൂട്ടി 'ദ്രോണ' എന്ന പൊളിപ്പടത്തിന്റെ രീതിയിലേക്ക് ചേക്കേറി. ചുരുങ്ങിയപക്ഷം ക്യാറക്ടര്‍ രൂപീകരണത്തിലെങ്കിലും കുറച്ചു മാറ്റങ്ങള്‍ സംവിധായകന്‍ നല്‍കാമായിരുന്നു. 
സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ചവെച്ച ഉണ്ണി എന്ന നവാഗത നടന്‍ ഭാവിയില്‍ ശ്രദ്ധിക്കപ്പെടും. 
      അതുപോലെ സാദിഖ്, ശാരി എന്നിവരൊക്കെ അവരവരുടെ റോളില്‍ മാന്യത പുലര്‍ത്തി. ഇഴഞ്ഞും ഞരങ്ങിയും പടം തകര്‍പ്പന്‍ രണ്ടാം ദിവസം പിന്നിട്ടു. ഇനിയെത്ര നാള്‍!