ആനന്ദ ഭൈരവിയുടെ ബാനറില്‍ ബി.ഉണ്ണികൃഷ്ണനും സാബുചെറിയാനും ഒരുമിച്ച് നിര്‍മ്മിച്ച 'ദി ത്രില്ലര്‍' തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. വലീയ സവിശേഷതകള്‍ ഒന്നുമില്ലാതെ.
ഒരു പൃഥ്‌വിരാജ് ചിത്രം എന്നത് മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തിന് എടുത്തു പറയത്തക്ക പ്രത്യേകതള്‍ ഒന്നും ഇല്ലെന്നു തന്നെ പറയാം. എത്രയോ തവണകള്‍ മാറ്റുരച്ച, സ്ഥിരം പോലീസ് കഥകള്‍. സുരേഷ് ഗോപി, തുടങ്ങിയ പല നടന്മാര്‍ പലവിധം പയറ്റി, പ്രേക്ഷകന് ബോറടിച്ച സ്ഥിരം സബ്ജക്ട് വീണ്ടും അവര്‍ക്ക് മുന്‍പില്‍ വിളമ്പാന്‍ തോന്നിച്ച ഉണ്ണികൃഷ്ണന്റെ ധൈര്യം സമ്മതിക്കേണ്ടിയിരിക്കുന്നു. അതും ഇക്കാലത്ത് !
മാടമ്പിക്ക് മുന്‍പ് ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ഐ.ജിയില്‍ നിന്നും ഒരു വ്യത്യസ്ഥതയുമില്ലാതെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന വിഷയം മാറിയിട്ടുണ്ടെന്ന് മാത്രം. ഷാജികൈലാസ് മുന്‍ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെട്ട രീതികളായ കുറെ ബൂട്ടുകളുടെ ഷോട്ടുകളും, കുറെ കാറുകള്‍ വിവിധ ഓഫീസുകള്‍ക്ക് മുന്‍പില്‍ വന്നു നില്‍ക്കുന്നതും മന്ത്രിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നതും പോലീസുകരില്‍ ഒരാള്‍ ഒറ്റുകാരനാവുന്നതും മന്ത്രിയുടെ പ്രത്യേക പരിഗണനയിലൂടെ നായകന്‍ വീണ്ടും കേസ് തുടരുന്നതും കേട്ടുപഴകിച്ച കുറെ അറുബോറന്‍ ഡയലോഗുകളും...ഉണ്ണികൃഷ്ണന്‍ സിനിമയുടെ കാര്യത്തില്‍ ശരിക്കും 'ഉണ്ണി' യാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ദി ത്രില്ലര്‍. സിനിമയുടെ പേരിലുള്ള ത്രില്ലൊന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കില്ല.
പോലീസ് കഥകളില്‍ മിക്കതും ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കും. കൊലപാതങ്ങളുടെ പൊരുള്‍ അഴിച്ചു വരുമ്പോള്‍ പ്രേക്ഷകന് ഉണ്ടാവാറുള്ള ത്രില്ല് എത്രയോ സിനിമകളില്‍ പരീക്ഷിക്കപ്പെട്ടതാണ്.
എന്നാല്‍ മിക്കതും വേണ്ടത്ര പ്രതീക്ഷയോ ത്രില്ലോ പ്രേക്ഷകന് കൊടുക്കാറില്ലെന്നു മാത്രം. മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കിയാല്‍, പോലീസ് കഥകള്‍ ഇല്ലെങ്കിലും, മിക്കചിത്രങ്ങളിലുടനീളം ഒരു കള്ളനും പോലീസും കളിയാണ്. ഒരുപക്ഷേ, പ്രണയം കഴിഞ്ഞാല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ആശയം ചിലപ്പോള്‍ ഈ കള്ളനും പോലീസും കളിതന്നെ ആവണം.
ജനപ്രീയ നായകന്‍ ദിലീപിന്റെ നൂറാമത് ചിത്രം 'കാര്യസ്ഥന്‍' സാമാന്യം ഭേതം എന്ന അഭിപ്രായത്തോടെ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. തോംസണും ഉദയകൃഷ്ണ, സിബി.കെ.തോമസ് ചേര്‍ന്ന് അണിയിച്ചൊരുക്കിയ കാര്യസ്ഥന്‍ സ്ഥിരം മലയാള സിനിമാ ഫോര്‍മുലകള്‍ എല്ലാം പാലിച്ച് സ്ഥിരം ശൈലി പിന്‍തുടര്‍ന്നു പോരുന്നു.
രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടാവുകയും പിന്നീട് ആ കുടുംബത്തിലെ ഒരാളുടെ വിവാഹം മറ്റേ കടുംബാംഗവുമായി നിശ്ചയിക്കുകയും പിന്നീട് അത് നടക്കാതെ വരുമ്പോള്‍ ഇരു കുടുംബങ്ങളും തമ്മില്‍ പൊറുക്കാനാവാത്ത ശത്രുത വളരുകയും ഇതിന് ഒരു കുടുംബത്തിലെ ഒരംഗത്തിന്റെ മരണം കാരണമാവുന്നതും ആ കാരണം ഒരു മകനില്‍ അടിച്ചേല്‍പ്പിച്ച് അവനെ വീട്ടില്‍ നിന്നും പുറത്താക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകനും അവന്റെ മകനും വീണ്ടും തിരിച്ച് അതേ കുടുംബത്തിലേക്കു തന്നെ വരുന്നതുമായ കഥകള്‍ എത്രതവണ കേട്ടാലും മലയാളികള്‍ക്ക് മതിവരില്ലെന്ന് ഉദയകൃഷ്ണയ്ക്കും സിബിക്കും മനസ്സിലാക്കിയതു പോലെയാണ് 'കാര്യസ്ഥന്റെ' കിടപ്പ്.
ഒരു പുതീയ സംവിധായകന്‍ 'മുമ്പേ ഗമിക്കും ഗോവു തന്റെ....' എന്ന പഴഞ്ചൊല്ലിലെ അന്വര്‍ത്ഥമാക്കാന്‍ ആവത് ശ്രമിക്കുന്നതുപോലെയാണ് തോംസണ്‍ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സവിശേഷതകള്‍ ഒന്നും എടുത്തു പറയാനില്ലെങ്കിലും മലയാളി കുടുംബങ്ങള്‍ തീയറ്ററിലിരുന്ന് സഹിച്ച് പുറത്തേക്ക് പായുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങള്‍ക്കകം ജനപ്രീയ നായകന്റെ ഈ ചിത്രം പാവം പ്രൊഡ്യൂസറെ രക്ഷിച്ചെടുത്തേക്കാം...ഒരു ഉറപ്പും ഇല്ലെന്നു മാത്രം.
നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചതിന്റെയും 'സ്വലേ' എന്ന ചിത്രത്തിലൂടെ സംവിധായകനായതിന്റെയും പ്രവര്‍ത്തന പരിചയം ക്യാമറമാന്‍ പി.സുകുമാര്‍ ചിത്രത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്തൊ പതിവ് ദിലീപ് വളിപ്പത്തരങ്ങള്‍ ആവത് ഒഴിവാക്കാന്‍ ഉദയകൃഷ്ണ, സിബി കൂട്ടുകെട്ട് ശ്രമിച്ചിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്.
മലയാളിത്തമുള്ള, ഭാവിയുള്ള നായികയാണ് കാര്യസ്ഥനിലൂടെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരിക്കുന്നത്. കോഴിക്കോട്ടുകാര്‍ക്ക് ആനിനെകൂടാതെ അഭിമാനിക്കാന്‍ അഖില കൂടിയായിരിക്കുന്നു. ഇനിയും വരും കാലങ്ങളില്‍ നല്ലനല്ല കഥാപാത്രങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തുമെന്നതില്‍ സംശയമില്ല. പക്ഷേ, ഒരു ഗാനരംഗത്ത് അയോധന വിദ്യയുടെ ചുവടുകള്‍ പ്രദര്‍ശിപ്പിച്ച അഖിലയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് മലയാളി പ്രേക്ഷകര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇത്തിരിയൊക്കെ മലയാളിത്തമുള്ള സംഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കാന്‍ ബേണി ഇഗ്‌നേഷ്യസ് ടീമിനെക്കൊണ്ടായിട്ടുണ്ട്. സാലു.കെ.ജോര്‍ജ്ജിന്റെ ആര്‍ട്ടും ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.
അന്യാഭാഷാ ചിത്രങ്ങളെ മറ്റൊരച്ചില്‍ ഇട്ട് വാര്‍ത്തെടുക്കലാണല്ലോ സമീപകാലത്തായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തു വരുന്നത്. അതുകൊണ്ടാവാം മലയാള സീരിയല്‍ രംഗത്തുള്ള നിരവധിപേരെ അണിനിരത്തി, ഫാറാ ഖാന്‍ തന്റെ ഹിന്ദി ചലച്ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ബോളിവുഡിലെ ഒട്ടുമിക്ക നടന്മാരെയും കൊണ്ടുവന്നതുപോലെ, ഒരു തുരുപ്പു ചീട്ട് എറിഞ്ഞു നോക്കിയത്. ഒരുപരിധിവരെ വീട്ടിലെ വിഡ്ഢിപ്പെട്ടിക്കുള്ളിലിരിക്കുന്ന വീട്ടമ്മാരെ ആ ഗാനം ത്രില്ലടിപ്പിച്ചെങ്കിലും മറ്റുള്ളവര്‍ പലരേയും തിരിച്ചറിയാനാവാതെ മുഖത്തോടുമുഖം നോക്കി. സമീപകാലത്തെ ജനപ്രീയ നായകന്റെ പടങ്ങളൊന്നും വലീയ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാത്തതുപോലെ ഇതും ഒരൊഴുക്കില്‍ നീങ്ങുമെന്നു മാത്രമെ 'കാര്യസ്ഥന്' പറയാനുള്ളൂ.