വെനീസിലെ വ്യാപാരി

| Posted in | Posted on

3




കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന 'ആലപ്പുഴ' പശ്ചാത്തലമാക്കി ഷാഫി അണിയിച്ചൊരുക്കിയ 'വെനീസിലെ വ്യാപാരി' പ്രേക്ഷകരുടെ മനസ്സില്‍ ഒരു വ്യാപാരവും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് വ്യാപാരി തീയറ്ററുകളില്‍ പതുക്കെ ഓടിക്കൊണ്ടിരിക്കുന്നത്. 'കണ്ടിരിക്കാം' എന്ന് വലീയ തൃപ്തിയില്ലാതെ പറയുന്നതാണ് വ്യാപാരിയെപ്പറ്റി പ്രേക്ഷകരുടെ പ്രതികരണം.


മലയാള സിനിമയിലെ ഗ്യാറന്റിയുള്ള സംവിധായകന്മാരില്‍ ഒരാളാണ് ഷാഫി. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകനെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, പഴകി ദ്രവിച്ച ഒരു കഥയെ വീണ്ടുമെടുത്ത് പതപ്പിച്ച് പ്രേക്ഷകന് മുന്‍പിലേക്ക് ഷാഫി എടുത്തെറിയേണ്ടിയിരുന്നില്ല.




മമ്മൂട്ടി എന്ന വ്യക്തിയ്ക്ക് ഈ ചിത്രത്തില്‍ അങ്ങിനെ എടുത്തു പറയത്തക്ക സവിശേഷ അഭിനയമൊന്നും കാഴ്ച വയ്ക്കാനില്ല. ആദ്യ പകുതിയില്‍ മുന്‍കാല ഗാനചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രേക്ഷകന് തൃപ്തി വരാത്തതുപോലെ തോന്നിച്ചു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജഗതിശ്രീകുമാര്‍, സലീംകുമാര്‍, ജനാര്‍ദ്ദനന്‍, സ്ഥിരം വില്ലന്മാരായ സുരേഷ്‌കൃഷ്ണ, വിജയരാഘവന്‍ എന്നിവരോടൊപ്പം കാവ്യമാധവനും പ്രധാന വേഷങ്ങളിലെത്തുന്നു.




താരങ്ങളെ കുത്തി നിറച്ചതുകൊണ്ടു മാത്രം ഒരു ചിത്രം നന്നാവില്ലെന്ന് വെനീസിലെ വ്യാപാരി ഇതിനകം തെളിയിച്ചു കഴിഞ്ഞു. തിരക്കഥാ കൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് വീരവാദം ഇളക്കിയിരുന്നു. ഞാന്‍ ഇതുപോലെ 'സ്ഥലം വില്‍ക്കാനുള്ളതല്ല' എന്ന ബോര്‍ഡ് കണ്ടാണ് ഈ കഥ ഉണ്ടാക്കിയതെന്ന്. എന്നാല്‍, ആ ചിത്രം പുറത്തിറങ്ങുന്നതിന് നാലഞ്ചു വര്‍ഷം മുന്‍പേ 'ഖോസ്‌ലാ കാ ഖോസ്‌ലാ' എന്ന അനുപംഖേര്‍ അഭിനയിച്ച ചിത്രത്തിലെ ഒരു സീനുപോലും മാറ്റി എഴുതാതെയാണ് ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം നിര്‍മ്മിച്ചത്. പാവം ആല്‍ബ്രട്ട്, ഇത്തവണ മോഷണത്തിന് ഒന്നും കിട്ടിക്കാണില്ല. വന്‍ താരനിരകളുണ്ടായിട്ടും പ്രേക്ഷകരുടെ അഭിപ്രായത്തില്‍ ചിത്രം ഫേഌപ്പാണ്. ബിജിപാലിന്റെ സംഗീതം ചിത്രത്തിന് മുതല്‍ക്കൂട്ടായി എന്നൊന്നും അവകാശപ്പെടാനില്ല. എങ്കിലും കൊള്ളാം എന്നു പറയാനെ ഒക്കുകയുള്ളൂ.


മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം ഒരു ദിവസം പോലും ഓടുമോ എന്ന കാര്യത്തില്‍ സംശയമാണ്. അത്രയും ദുര്‍ബലമാണ് ചിത്രത്തിന്റെ അവസ്ഥ. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മിക്കയിടങ്ങളില്‍ നിന്നും വ്യാപാരിക്ക് മോശം കച്ചവട റിപ്പോര്‍ട്ടുകളാണ്. ആശ്വാസത്തിന്റെ വക നല്‍കുന്നത് എറണാകുളവും മലപ്പുറം ജില്ലയുമാണെന്ന് പറയാം.

ഒരു മരുഭൂമിക്കഥ(അറബീം ഒട്ടകവും പി. മാധവന്‍ നായരും)

| Posted in | Posted on

3




''മലയാള സിനിമയെ ഇനിയും ഇങ്ങനെ പലതവണ ബലാത്സംഗം ചെയ്യാന്‍ പ്രീയദര്‍ശന്‍ കരാറെടുത്തിട്ടുണ്ടോ..? ''-ഇത് ഒരു മരുഭൂമിക്കഥ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് അരിശത്തോടെ പറഞ്ഞ വാക്കുകളാണ്. ഇതില്‍ നിന്നും ആ സിനിമയെക്കുറിച്ചുള്ള മുഴുവന്‍ രൂപവും പ്രേക്ഷകന്/വായനക്കാരന് ലഭിച്ചിരിക്കുമെന്ന് കരുതുന്നു.




പഴകി ദ്രവിച്ച ഒരു കഥ, വീണ്ടും ഒരു കോമാളിക്കളിപോലെ പഴയ നടന്മാരെ ചേര്‍ത്ത് വീണ്ടും കളിപ്പിച്ചത് പ്രിയദര്‍ശന്‍ എന്ത് ഉദ്ദേശിച്ചാണെന്ന് അറിയുന്നില്ല. ഇതിലും ഭേദം അദ്ദേഹം ഹിന്ദി പടങ്ങള്‍ തന്നെ ചെയ്ത് ജീവിക്കുന്നതാണ്. സാമാന്യം ഭേദപ്പെട്ട ഹിന്ദി ചിത്രങ്ങള്‍ ചെയ്യുന്ന പ്രീയദര്‍ശന്‍ മനപ്പൂര്‍വ്വമാണ് മലയാളത്തില്‍ മോശമാക്കി ചിത്രമെടുക്കുന്നത് എന്നു വരെ തോന്നിപ്പോകും.




ചിത്രത്തിലെ മിക്ക തമാശകളും എത്രയോ തവണകള്‍ പലരാല്‍ പറയപ്പെട്ടതാണ്. പിന്നെ, മുകേഷിന്റെയും മോഹന്‍ലാലിന്റെയും ഒരു പഴയ ഗള്‍ഫ്‌പ്രോഗ്രാം കാസറ്റ് കാണുന്നതുപോലെ വെറുതെ ഇരുന്നങ്ങനെ കാണാമെന്ന് മാത്രം. കഷ്ടമുണ്ട്. എന്തായാലും ബോക്‌സ്ഓഫീസില്‍ ഇതിനെപ്പറ്റി എഴുതുമെന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍, ആദ്യ പാരഗ്രാഫ് മുഴുക്കെ 'തെറി' എഴുതിയതിനു ശേഷം സിനിമയെക്കുറിച്ച് വല്ലതും എഴുതിയാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.




ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അളഗപ്പനാണ്. വലിയ കുഴപ്പമില്ലാതെ ചെയ്തു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പറയാനൊന്നുമില്ല.




 ചിത്രത്തില്‍ ലക്ഷ്മിറായ്, ഭാവന എന്നിവരാണ് നായികമാര്‍. രണ്ടപ്പൂപ്പന്മാര്‍ക്ക് രണ്ട് കിളിപെണ്ണുങ്ങള്‍. പിന്നെ, എം.ജി.ശ്രീകുമാറിന്റെ ഗാനങ്ങളെപ്പറ്റി എടുത്തു പറയേണ്ടതുണ്ട്. മോഷ്ടിച്ച ഗാനമൊഴിച്ച് മറ്റു ഗാനങ്ങള്‍ സാമാന്യം നിലവാരം പുലര്‍ത്തുന്നു. എങ്കിലും ഇനീഷ്യല്‍ പുള്ളില്‍ സിനിമ രക്ഷപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ...?

| Posted in | Posted on

2




വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന് പറയുന്നതിനേക്കാള്‍ അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ എന്നു പറയുന്നതായിരിക്കും ഭേദം. കാരണം, നടന്‍ എന്നതിലുപരി താന്‍ 'കുഴപ്പമില്ലാത്ത' ഒരു തിരക്കഥാകൃത്താണെന്ന് ഇതിലൂടെ അനൂപ് തെളിയിച്ചിരിക്കുന്നു.




മോഷണ പാരമ്പര്യമുള്ള മലയാള സിനിമയ്ക്ക് ഇത് ഒരു പുത്തരിയല്ല. പക്ഷേ, മലയാളിപ്രേക്ഷകര്‍ക്ക് മാത്രമുള്ള പ്രത്യേകത, അവന്‍ മലയാളം മാത്രമല്ല ലോകോത്തര സിനിമകള്‍ കൂടെ കാണുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ചിത്രങ്ങളില്‍ ആശയപരമായോ സന്ദര്‍ഭോചിതമായോ ലോകോത്തര സിനിമകളോട് സാമ്യം ദര്‍ശിച്ചെങ്കില്‍ പ്രേക്ഷകന്‍ തീയറ്ററിനകത്തിരുന്ന് വിളിച്ചുപറയുന്നത് എത്രയോ തവണകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 




ബോളിവുഡ് ചിത്രമായ 'ഗുസാരിഷ്'ന്റെ തണലുപിടിച്ച് പുറത്തിറങ്ങിയ ചിത്രമായ ബ്യൂട്ടിഫുള്‍ ആശയത്തില്‍ സ്വല്‍പം മാറ്റം വരുത്തി. ആ കുരുട്ടു ബുദ്ധി (പ്രിയദര്‍ശന്‍ ചിന്ത) ആരുടെ മണ്ടയില്‍ വിരിഞ്ഞതാണെന്ന് ചോദിച്ചു തന്നെ അറിയണം. വി.കെ.പിയുടെയോ അതോ അനൂപിന്റെയോ? എന്തായാലും ഒന്നുറപ്പ്, ഏറെ താമസിയാതെ അനൂപ് മേനോന്‍ ഗംഭീരന്‍ ഒരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ അദ്ദേഹം കാത്തിരിക്കുന്നത് ആ ഗംഭീരന്‍ ചിത്രം ഇറാനിനോ, ഈജിപ്തിലൊ, ഫ്രാന്‍സിലോ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അതൊന്നിറങ്ങട്ടെ, മലയാളികളെ നിങ്ങള്‍ കാത്തിരിക്കൂ...




പൊതുവെ കുറച്ചു മോഷണം ചെയ്യുന്നവരാണ് ബോളിവുഡ്കാര്‍. എങ്കിലും അവര്‍ ഗുസാരിഷ് മോഷ്ടിച്ചിരിക്കുന്നത് 'ദ സീസ് ഇന്‍സൈഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ്. കൂടാതെ 'ദ ഡൈവിങ് ബെല്‍ ആന്റ് ദ ബട്ടര്‍ഫൈഌയ്‌സ്' എന്ന ചിത്രത്തിന്റെ സ്വാധീനവും ഉണ്ട്. ഈ ചിത്രങ്ങളുടെ നേരിട്ട് കോപ്പി എന്നു പറയാനൊക്കുകയില്ലെങ്കിലും മലയാളചേരുകള്‍ ചാലിച്ച നാടന്‍ അലോപ്പതി കഷായം. മോഷണാസക്തി അന്താരാഷ്ട്ര സിനിമകളില്‍ നിന്നും സാധ്യമായതുകൊണ്ടാവണം ഇത്തവണ തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ അറിയപ്പെടുന്ന 'കൊമേഷ്യല്‍' സംവിധായകന്മാര്‍ ഒരിക്കലുമില്ലാത്തവണ്ണം ഡെലിഗേറ്റുകളായി നിരങ്ങിയത്. 'ത്രീ' എന്ന പ്രസിദ്ധ ചിത്രം കണ്ടുകൊണ്ടിരിക്കേ മുന്‍നിരയില്‍ വന്നിരുന്ന പ്രശസ്ത സംവിധായകനെ കണ്ടപ്പോ ഒരു ഡെലിഗേറ്റിന്റെ കമന്റ് 'ഓ! ഇനി ഈ സിനിമ നമുക്ക് മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിച്ച് കാണാം'. മലയാളികള്‍ സിനിമയെ മനസ്സിലാക്കുന്നതുപോലെ സിനിമാ പ്രവര്‍ത്തകരെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.




വി.കെ.പി. എന്ന സംവിധായകന്റെ 'കര്‍മ്മയോഗി' ഗോവ, തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു. വളരെ നിലവാരം കുറഞ്ഞ അത്തരം സിനിമകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഇപ്പോഴും ആശ്ചര്യമാണ്. 




ജയസൂര്യ എന്ന മലയാളത്തിലെ 'സൂപ്പര്‍ നടന്‍' (അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് കേട്ടോ) വളരെ ദുര്‍ബലനായി കാണപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും അനുയോജ്യമായ രീതിയില്‍, അവര്‍ക്കാവുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍, ജയസൂര്യയുടെ കഥാപാത്രത്തിന് ആത്മാവില്ലാത്തതുപോലെ തോന്നി. അത് കഥാപാത്രത്തിന്റെ കുഴപ്പമല്ല, മറിച്ച് കലാകാരന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ കഥാപാത്രത്തിനെ തിരഞ്ഞെടുത്തതില്‍ വി.കെ.പി.കാണിച്ച അപാകത.




എന്തൊക്കെ തന്നെയാണെങ്കിലും, നല്ല ഇതിവൃത്തങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയാല്‍ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതിന് വ്യക്തമായ തെളിവാണ് ബ്യൂട്ടിഫുള്‍ പുറത്തിറങ്ങിയിട്ട് ഇപ്പോഴും ബാല്‍ക്കണി ഫുള്‍ ആയിരിക്കാനുള്ള കാരണം.


സതീഷ് വേഗയുടെ സംഗീതം ചിത്രത്തിലെ നല്ല ഗാനങ്ങള്‍ക്ക് പിറവി നല്‍കി. അനൂപിന്റെ വരികള്‍ അതിന് ആത്മാവുമേകി. ജോമോന്‍ ടി. ജോണ്‍ തനിക്കാവുന്ന വിധത്തില്‍ ഓരോ ഫ്രയ്മും മനോഹരമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. മേഘ്‌നാ രാജിന്റെ ഈ ചിത്രത്തോടെ മലയാളികള്‍ സ്വീകരിക്കുമെന്നുറപ്പാണ്.

സ്വപ്‌ന സഞ്ചാരി

| Posted in | Posted on

0




കമലിന്റെ ആഗതനു ശേഷം വരുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. മലയാള പ്രേക്ഷകന്റെ മനസ്സ് നന്നായി വായിക്കാന്‍ സാധിച്ച അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാള്‍. കെ. ഗിരീഷ്‌കുമാറിന്റെ കഥ, തിരക്കഥ എന്നിവയില്‍ കമലിന്റെ സ്പര്‍ശം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം പ്രേക്ഷകന് രസിക്കുന്ന വിധത്തിലായി. സാമാന്യം നല്ല അഭിപ്രായമാണ് സ്വപ്‌ന സഞ്ചാരിക്ക് ലഭിക്കുന്നത്. കഥയില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും കുടുംബ പ്രേക്ഷകരെ ഒരു വിധത്തില്‍ തൃപ്തിപ്പെടുത്താന്‍ സ്വപ്‌ന സഞ്ചാരിക്കായിട്ടുണ്ട്.


അജയചന്ദ്രന്‍ എന്ന ഒരു സാധാരണ പ്യൂണ്‍ ഗള്‍ഫില്‍ പോവുകയും തുടര്‍ന്ന് കോടീശ്വരനാവുന്നതുമാണ് ഇതിവൃത്തം. കഥാപാത്രത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ തന്നെ പ്രേക്ഷകന് വരാനിരിക്കുന്ന കഥയുടെ ചിത്രം മനസ്സിലാകും. എങ്കിലും ജയറാം എന്ന അതുല്യപ്രതിഭയുടെ കഴിവില്‍ ഒരു പരിധിവരെ ജനങ്ങള്‍ ക്ഷമയോടെ സിനിമ കാണുന്നു. കമല്‍ എന്ന സംവിധായകന്‍ പ്രേക്ഷകന്റെ മനസ്സറിഞ്ഞുള്ള ചേരുവകളും സിനിമയിലുടനീളം തുന്നിച്ചേര്‍ത്തിരിക്കുന്നു.




ജയചന്ദ്രന്റെ മനോഹരമായ രണ്ട് മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കെ.ഗിരീഷ്‌കുമാറിന്റെ തിരക്കഥയ്ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന അളഗപ്പനാണ്. ഇടയ്ക്കാലത്ത് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അളഗപ്പന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. 


സംവൃതാസുനില്‍ ഒരു പത്താംക്ലാസുകാരിയുടെ അമ്മയായി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. ഒരുപക്ഷേ, കമലിനെപ്പോലുള്ള സീനിയര്‍ സംവിധായകന്‍ ആവശ്യപ്പെട്ടതുകൊണ്ടാവും ഈ മനംമാറ്റം. ഇന്നസെന്റ്, ജഗതിശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് , മീരാ നന്ദന്‍ തുടങ്ങി സിനിമയില്‍ അഭിനയിച്ചവരല്ലാം നല്ല പ്രകടനമാണ് കാഴ്ച വച്ചത്.




ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനുള്ള സാധ്യത കാണുന്നില്ലെങ്കിലും സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് കുടുംബ പ്രേക്ഷകര്‍ ഈ കമല്‍ ചിത്രത്തിനെ തേടി തിയറ്ററില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്.