കാണാക്കൊമ്പത്ത്

| Posted in | Posted on

3

കാണാക്കൊമ്പത്ത്


മലയാള സിനിമയെ എങ്ങിനെയൊക്കെ വധിക്കാം എന്ന് കാത്തിരിക്കുന്നവര്‍ ചെയ്ത ഒരു ചലച്ചിത്രമാണ് കാണാക്കൊമ്പത്ത്. ബാല്‍ക്കണിക്ക് എഴുപതും ഫസ്റ്റ്ക്ലാസിന് 50 രൂപയൊക്കെ മുടക്കി തീയറ്ററില്‍ വന്നിരുന്ന് സിനിമ കാണുന്ന പ്രേക്ഷകനെ കുറച്ചെങ്കിലും രസിപ്പിച്ച് പുറത്തേക്ക് വിടണമെന്ന സാമാന്യ മര്യാദപോലും ഇക്കൂട്ടര്‍ പാലിക്കുന്നില്ലെന്ന് വേണം കരുതാന്‍.

മൂന്നു ചെറുപ്പക്കാരിലൂടെ സിനിമയുടെ കഥ വികസിക്കുന്നു. പുതുമുഖങ്ങളായ വിനോദ് കൃഷ്ണന്‍, ദീപു സനത്, ശങ്കര്‍, നാരായണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇതിനിടെ കുറെ ഗുണ്ടകള്‍ പിന്തുടരുന്ന ചിത്രത്തിലെ നായിക മാണിക്യം മൈഥിലി. ഒന്നാം പകുതിയില്‍ അനാവശ്യമായി കുറെ രംഗങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.


പ്രേക്ഷകനെ രസിപ്പിക്കാവുന്ന ഒരു ഘടകം പോലും ഉണ്ടായിരുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ഒന്നാം പകുതിയില്‍ കായലിലെ ബോട്ടിലിരുന്ന് കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്നുള്ള ഒരു ഗാനരംഗവും തുടര്‍ന്നുള്ള ഒരു സംഘട്ടനവും. എന്തിനു വേണ്ടിയായിരുന്നു ആ ഗാനവും സംഘട്ടനവും എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല. അത്രയ്ക്കും പരിതാപകരമായ രംഗങ്ങളായിരുന്നു മിക്കതും. മനസ്സില്‍ തങ്ങിനില്‍ക്കാവുന്ന ഒരു ഘടകംപോലും ചിത്രത്തിലുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ് നമുക്ക് ഉള്‍ക്കൊള്ളാനാവുന്നത്.



മഹാദേവന്‍ എന്ന സംവിധായകന്‍ എന്തായാലും ഒരു സിനിമ ചെയ്തു പഠിച്ചുവെന്ന് പറയുകയാവും ഭേദം. പ്രൊഡ്യൂസറായ ഡോ. ലീനാ പ്രസന്ന ഇപ്പോള്‍ ഏതെങ്കിലും ആശുപത്രിയിലെ ഐ.സി.യുവില്‍ നഷ്ടപ്പെട്ട രൂപയെ ഓര്‍ത്ത് ഇല്ലാത്ത ശ്വാസം പിടിച്ച് കിടക്കുകയാവും. മികച്ച ക്യാമറമാന്‍മാരില്‍ ഒരാളായ ആനന്ദക്കുട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ ചിത്രത്തിനെ നേരിട്ട് ശവപ്പെട്ടിയിലടക്കാമായിരുന്നു.


ചിത്രത്തില്‍ നെടുമുടിവേണു, കെ.പി.എ.സി. ലളിത, മനോജ്.കെ.ജയന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അതെല്ലാം വളരെ വൈദഗ്ദ്ധ്യത്തോടെ സ്‌ക്രിപ്റ്റ് അണിയിച്ചൊരുക്കി, അവര്‍ക്കൊക്കെ വിരലിലെണ്ണാവുന്ന സീനുകള്‍ മാത്രം നല്‍കി ഒരു 'ട്രാഫിക്' ലൈന്‍ പിടിച്ചുനോക്കാനുള്ള ശ്രമമായിരുന്നു മഹാദേവന്റേത്. 'നടക്കൂല ദാസാ...'
മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധുമുട്ടമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എന്ന് പുറത്ത് പറയാതിരിക്കുന്നതാവും ഭേദം. കാരണം രണ്ടു ചിത്രങ്ങളും കണ്ട ഒരു പ്രേക്ഷകന്‍ ഇത്പറയുന്നവരെ പുലഭ്യം പറഞ്ഞെന്നിരിക്കും. മധുമുട്ടം....എന്തു പറ്റി താങ്കള്‍ക്ക്...? ഇപ്പോള്‍ സംശയം മണിച്ചിത്രത്താഴിന്റെ തിരക്കഥ താങ്കള്‍ തന്നെയാണോ രചിച്ചത് എന്നതാണ്. എങ്കില്‍ ഒരു സിനിമയില്‍ സംവിധായകന്റെ കയ്യൊപ്പ് എന്തുമാത്രം ഉണ്ടെന്നുള്ളതിന്റെ തെളിവ് കൂടിയാവും ഈ 'കാണാക്കൊമ്പത്ത്'.


എന്തായാലും ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രം അവസാന സീനുകളില്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ' ചില മക്കള്‍ അങ്ങിനെയാണ്. അവരെ വളര്‍ത്തി, താലോലിച്ച് വലുതാക്കിക്കഴിയുമ്പോഴാണ് അറിയുന്നത് ഉള്ള് പൊള്ളയാണെന്ന്'.  അതുപോലെ തന്നെയാണ് മിക്ക മലയാള സിനിമകളും. വമ്പന്‍ പരസ്യങ്ങളും പ്രചരണവും ആയി തീയറ്ററുകളില്‍ എത്തുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷയുമായി പ്രേക്ഷകര്‍ എത്തും. കണ്ടു കഴിയുമ്പോഴാണ് ഉള്ള് പൊള്ളയാണെന്ന വാസ്തവം തിരിച്ചറിയുന്നത്. (ഇതേ കാര്യം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്).  ഈ ചിത്രവും ഏതാണ്ട് ഇതേ ഫോര്‍മാറ്റില്‍ അതിഭീകരമായ പരസ്യത്തിലൂടെ പുറത്തിറങ്ങിയതാണ്. ഇനിയും പ്രേക്ഷകര്‍ എന്തൊക്കെ കാണേണ്ടിയിരിക്കുന്നു. സഹിക്കേണ്ടിയിരിക്കുന്നു...കണ്ടറിയാം.

ആദാമിന്റെ മകന്‍ അബു

| Posted in | Posted on

2


ആദാമിന്റെ മകന്‍ അബു




ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു തീയറ്ററുകളില്‍. ഒരു നല്ല സിനിമ പ്രതീക്ഷിച്ച് ചെന്ന പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെയാണ് 'അബു' സിനിമ കഴിഞ്ഞ് പുറത്തേക്ക് വിട്ടത്. അംഗീകാരത്തിന് പൂര്‍ണ്ണമായും യോഗ്യതയുള്ളതായി ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ബോധ്യപ്പെടും.




സലീംകുമാര്‍ എന്ന നടന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലുടനീളം. മതവും ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്ന നല്ലവനായ ഒരു മുസ്‌ലീമായി അബു പ്രേക്ഷകരുടെ മനംകവരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു പിതാവും അമ്മയുമായാണ് സലീംകുമാറും സറീന വഹാബും അഭിനയിക്കുന്നത്. ഒരു മനുഷ്യനില്‍ ഇത്രയും നിഷ്‌കളങ്കത്വം നിറഞ്ഞു നില്‍ക്കാമെന്ന് ചിത്രം പലതവണ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ഇനിയും വറ്റിയിട്ടില്ലാത്ത നന്മനിറഞ്ഞ കുറച്ചു മനുഷ്യരുടെ ഒരു ലോകമാണ് സലിം അഹമ്മദ് തന്റെ ചിത്രത്തിലൂടെ വരച്ചു കാണിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. തികഞ്ഞ ഒരു സംവിധായകന്റെ കയ്യൊതുക്കം പ്രകടമാകുന്ന തരത്തിലാണ് ആദാമിന്റെ മകന്‍ അബു ചിത്രീകരിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒട്ടേറെ ജീവിത രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്.


മലയാളത്തില്‍ പേരും പ്രശസ്തിയും പിടിച്ചുവാങ്ങി, തങ്ങളാണ് വലിയ ആര്‍ട്ട് സിനിമാക്കാര്‍ എന്ന് നെഞ്ചും വിരിച്ചു വിളമ്പിനടക്കുന്നവര്‍ക്ക് മുഖത്തടിച്ചതുപോലുള്ള പ്രതികരണമാണ് ആദാമിന്റെ മകന്‍ അബു. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച ക്യാമറ, മികച്ച പശ്ചാത്തല സംഗീതം എന്നിവയ്ക്ക് ദേശീയ അംഗീകാരവും മികച്ച ചിത്രം, മികച്ച നടന്‍, മികച്ച തിരക്കഥ, മികച്ച പശ്ചാത്തലം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡും വാരിക്കൂട്ടിയ ഈ ചിത്രം സിനിമയുടെ ക്യാപ്ഷന്‍ പോലെ മനസ്സില്‍ നന്മയുള്ളവര്‍ കണ്ടിരിക്കേണ്ടുന്ന ചിത്രംതന്നെയാണ്. 




ഹാസ്യ നടന്മാര്‍ ഗൗരവമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. എങ്കിലും സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ഒരുമിച്ച് വാരിക്കൂട്ടിയത് ചരിത്രത്തില്‍ തന്നെ ആദ്യമായാവണം. സലീംകുമാര്‍ എന്ന കഴിവുറ്റ നടന്റെ മിന്നുന്ന പ്രകടനം 'അച്ഛനുറങ്ങാത്ത വീടി'ലൂടെ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ ബോധ്യപ്പെട്ടതാണ്. എങ്കിലും തന്റെ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് ഭരത് സലീംകുമാറായി മാറി, അദ്ദേഹം മമ്മൂട്ടിക്കും, മോഹന്‍ലാലിനും, സുരേഷ്‌ഗോപിക്കും ഒപ്പം ചേര്‍ന്നുനില്ക്കുന്നു. മലയാളത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ നിര്‍മ്മിച്ച് തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ തലമുറ സലീംകുമാറിനെ കണ്ടുപഠിക്കണം. 




ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ എടുത്തു പറയത്തക്ക പ്രാധാന്യമര്‍ഹിക്കുന്നവ അല്ലെന്ന് നമുക്ക് ചിത്രം കാണുമ്പോള്‍ മനസ്സിലാക്കാം. പ്രധാന കഥാപാത്രങ്ങളായ അബുവിനെയും ആയിഷയേയും സപ്പോര്‍ട്ട് ചെയ്യുന്നവയാണ് മറ്റുള്ള മിക്ക കഥാപാത്രങ്ങളും. എങ്കിലും പച്ചയായ ഒരു ഗ്രാമീണ പശ്ചാത്തലം വരച്ചു ചേര്‍ക്കുന്നതില്‍ സംവിധായകനായ സലീംഅഹമ്മദ് വിജയിച്ചു എന്നതും ഇതിന്റെ ക്രഡിറ്റുകളില്‍ ഒന്നാണ്. ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ലളിതമായ തിരക്കഥയിലൂടെ ഒരു നല്ലവനായ മുസ്‌ലിം എങ്ങിനെ ഹജ്ജ് ചെയ്യണം എന്നുകൂടെ അദ്ദേഹം പ്രേക്ഷകന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഉപരി, ലോകത്ത് അനേകം ജീവനുണ്ടെന്നും, വൃക്ഷലതാദികള്‍ പോലും ഈശ്വരന് മുന്‍പില്‍ മക്കളാണ് എന്ന ഒരു സന്ദേശം കൂടെ ഈ ചിത്രം പ്രേക്ഷകന് നല്‍കുന്നു. ഒരു നല്ല മനുഷ്യന്‍ ഒരു വൃക്ഷത്തെപ്പോലും നോവിക്കരുത് എന്നതും ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്ന ഒരു പ്രധാനകാര്യമാണ്. 




അബു എന്ന ഒരു കഥാപാത്രത്തിലൂടെ ഇന്നത്തെ കാലവും കാലഘട്ടത്തിലെ ജനങ്ങളുടെ മനോവിചാരങ്ങളും വ്യവഹാരങ്ങളും കാഴ്ചപ്പാടുകളും ധൂര്‍ത്തും ഇല്ലായ്മയും എല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരുപക്ഷേ, ചിത്രം കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരും ചിന്തിച്ചു പോവുന്ന ഒരു കാര്യമുണ്ട്. ഇന്ന് മലയാളസിനിമയില്‍ ഈ കഥാപാത്രത്തിന് അനുയോജ്യന്‍ സലീംകുമാറല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന്.


മധുഅമ്പാട്ടിന്റെ മികച്ച ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണന്റേതു ഹൃദയത്തില്‍ തങ്ങുന്ന സംഗീതമാണ്. സംഗീതം ചിത്രത്തിന്റെ മാറ്റ് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നതില്‍ മറ്റൊരു തകര്‍ക്കമില്ല. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗിതം ഈ ചിത്രത്തിന്റെ ആത്മാവാണ്. പട്ടണം റഷീദിന്റെ ചമയവും, റസാഖ് തിരൂരിന്റെ വസ്ത്രാലങ്കാരവും ജ്യോതിഷ് ശങ്കറിന്റെ ആര്‍ട്ടും വിജയ് ശങ്കറിന്റെ എഡിറ്റിങ്ങും ചിത്രത്തിനെ മികച്ച ചിത്രമാക്കിയെടുത്തു എന്നതില്‍ മറ്റൊരു തകര്‍ക്കമില്ല. സാധാരണ അവാര്‍ഡ് ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ മൂക്കു ചുളിക്കുന്ന പ്രേക്ഷകര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞതുകാണുമ്പോള്‍, മലയാളി പ്രേക്ഷകരുടെ മനം മാറിത്തുടങ്ങിയോ എന്ന് ഒരുവേള ചിന്തിച്ചു പോവുന്നു.

രതിനിര്‍വ്വേദം (2011)

| Posted in | Posted on

0




രതിനിര്‍വ്വേദം (2011)
സംവിധാനം: ടി.കെ. രാജീവ്കുമാര്‍
രചന: പി. പത്മരാജന്‍
എക്‌സി.പ്രൊഡ്യൂസര്‍: സന്ദീപ് സേനന്‍
എഡിറ്റിങ്: അജിത്
സംഗീതം: എം.ജയചന്ദ്രന്‍
ഗാനരചന: മുരുഗന്‍ കാട്ടാക്കട
ക്യാമറ: മനോജ് പിള്ള
ആര്‍ട്ട്: മോഹന്‍ദാസ്
വസ്താലങ്കാരം: കുക്കു പരമേശ്വരന്‍
മെയ്ക്കപ്പ്: പി.വി.ശങ്കര്‍
സ്റ്റില്‍സ്: ഹരി തിരുമല
ഡിസൈന്‍: ജിസന്‍ പോള്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചി പൂജപ്പുര



ഈ ചലച്ചിത്രത്തെക്കുറിച്ച് രണ്ട് വാക്ക് സംസാരിക്കുന്നതിന് മുന്‍പായി അന്തരിച്ച മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ ശ്രീ പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു തിരക്കഥയെപ്പറ്റി രണ്ട് വാക്ക് സംസാരിക്കുവാന്‍ എനിക്ക് ലഭിച്ച അവസരത്തിനും ഞാന്‍ സര്‍വ്വേശ്വരനോട് നന്ദി പ്രകാശിപ്പിക്കുന്നു.




1978 -ല്‍ ഭരതന്റെ സംവിധാനത്തില്‍ പത്മരാജന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ രതിനിര്‍വ്വേദം മലയാളത്തില്‍ സൃഷ്ടിച്ചത് ഒരു തരംഗമായിരുന്നു. രതിചേച്ചിയായി ജയഭാരതി അഭിനയിച്ച് സൃഷ്ടിച്ച തരംഗത്തില്‍ കൂടെ അഭിനയിച്ച കൃഷ്ണചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എം.ജി.സോമന്‍, അടൂര്‍ഭാസി, ബഹദൂര്‍, മാസ്റ്റര്‍ മനോഹര്‍, കവിയൂര്‍പൊന്നമ്മ, കെ.പി.എ.സി. ലളിത, മീര, ടി.ആര്‍. ഓമന എന്നിവരൊക്കെ ഒഴുകിപ്പോയി എന്നു പറയുകയാവും ഭേദം. രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണത്തില്‍ സുപ്രിയ വിതരണം ചെയ്ത് ഹാരിപോത്തന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ദേവരാജന്‍മാസ്റ്ററുടെ കിടയറ്റ ഗാനങ്ങള്‍ ഉണ്ടായിരുന്നു.




ഒരുകാലത്ത് പ്രമേയം കൊണ്ടും അവരണം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ 'രതിനിര്‍വ്വേദം' പുനര്‍ജ്ജനിച്ചപ്പോള്‍; ഒരു കാര്യം വ്യക്തമായി. മലയാളിപ്രേക്ഷകര്‍ ഒട്ടും മാറിയിട്ടില്ലെന്ന്. ഇന്ന് പത്മരാജന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പൊട്ടിപ്പൊട്ടി ചിരിച്ചേനേ.




ആദ്യദിനം സൂപ്പര്‍സ്റ്റാര്‍ ചിത്രമെന്നോണം ആളുകള്‍ ഇടിച്ചു കയറിയത് ചിത്രത്തിന്റെ കഥയോ, ആശയമോ കണ്ടിട്ടല്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ട 'രതി' ചേച്ചിയെ കാണാനായിരുന്നു; രതിചേച്ചിയുടെ മാംസളമായ, വശ്യമായ ശരീരം കാണുവാനായിരുന്നു. മലയാളി പ്രേക്ഷകന്‍റെ മനസ്സിനെ ഇത്ര നന്നായി പഠിച്ച്, തിരക്കഥ രചിച്ചിക്കുന്ന പത്മരാജനെപ്പോലുള്ള ഒരു മഹാനെ ഇനിയും കേരളക്കര കാത്തിരിക്കേണ്ടിയിരിക്കുന്നു. ഗുഹ്യമായ മനസ്സിന്റെ ഇരുട്ടറകളില്‍ ദൈവീക വികാരമായ 'രതി' ഒളിപ്പിച്ച് കപടമുഖവുമായി നടക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു പത്മരാജന്‍ അന്ന് ഇതിന്റെ തിരക്കഥ രചിച്ചിരുന്നത്. 




വര്‍ഷങ്ങള്‍ ഏറെ ചെന്നിട്ടും കാലമേറെ പുരോഗമിച്ചിട്ടും മലയാളിപ്രേക്ഷന്‍ മാറിയിട്ടില്ല. ഏതാണ്ട് ഒരു പത്തുപതിനഞ്ച് വര്‍ഷക്കാലം മുന്‍പ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ (മഴവരുന്ന കാലം) ധാരാളം ഉച്ചപ്പടങ്ങള്‍ ഇറങ്ങുമായിരുന്നു. ചെറുപ്പക്കാര്‍ വളരെ ആവേശത്തോടെ അതൊക്കെ ഓടിപ്പോയി (മഴകൊള്ളാതിരിക്കാന്‍ ഓടിക്കയറുന്നതാണ് കേട്ടോ) കണ്ടിരുന്നു. ഇന്ന് ഇന്റര്‍നെറ്റും സീഡികളും ബ്ലൂടൂത്തുമൊക്കെ സുലഭമായപ്പോ ഉച്ചപ്പടത്തിന്റെ കുത്തൊഴുക്ക് നിലച്ചു. പ്രേക്ഷകര്‍ സില്‍ക്ക് സ്മിതയേയും ഷക്കീലയേയും മറന്നിട്ടില്ല. പൊതുവെ ഒരു പടം സാമാന്യം നല്ല രീതിയില്‍ വിജയിച്ചാല്‍ പിന്നീട് അത്തരം പടങ്ങളുടെ പിന്നാലെ പായുന്ന നിര്‍മ്മാതാക്കള്‍ ഇനി പഴയ ഉച്ചപ്പടങ്ങളും ഇത്തരത്തില്‍ രതിനിര്‍വ്വേദം പോലുള്ള മറ്റുചിത്രങ്ങളുടെയും പഴയ പ്രിന്റിന് ഓടി നടക്കുന്നുണ്ടാവും.




തങ്ങള്‍ ചെയ്തതും ചെയ്യാനാഗ്രഹിച്ചതും ഒരുപരിധിവരെ പപ്പു എന്ന കഥാപാത്രം (അന്ന് കൃഷ്ണചന്ദ്രന്‍ ഇന്ന് ശ്രീജിത്ത്) ചെയ്യുമ്പോള്‍ തീയറ്ററിലിരുന്ന് പുരുഷാരം ആശ്വാസ നെടുവീര്‍പ്പുകളിടുകയായിരുന്നു. ഇന്നും വലിയ മാറ്റമൊന്നുമില്ല. സെക്‌സ് കടന്നുവരുന്ന സീനുകള്‍ മുന്‍കൂട്ടി കണ്ടിരുന്ന പ്രേക്ഷകര്‍ അതേ സീന്‍ വരുമ്പോള്‍ അസ്വസ്ഥരായി വലിയ എന്തോ ഒന്നിനെ കാത്തിരിക്കുന്ന മട്ടും ഭാവവുമായിരുന്നു. എന്നിട്ടും ക്ഷമ നശിച്ച് ചിലര്‍ 'ഡാ...പപ്പൂ...മ...(തെറി) വേഗം നോക്ക് മോനേ...' എന്നൊക്കെ തീയറ്ററിലിരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. തീയറ്ററുകളിലെ അക്ഷമരായ കാണികള്‍ ഇന്ത്യ വേള്‍ഡ് കപ്പ് നേടുന്ന ഭാവത്തോടെയാണ് സിനിമ കണ്ടുകൊണ്ടിരുന്നത്. പക്ഷേ, തികച്ചും സങ്കടകരമായ ഒരു കാര്യമുണ്ട്. അന്ന് രതിനിര്‍വ്വേദം കാണുവാന്‍ സ്ത്രീജനങ്ങളടക്കം തീയറ്ററില്‍ എത്തിയെങ്കിലും ഇന്ന് ഇത്രയും പുരോഗമിച്ചിട്ടും തീയറ്ററില്‍ വന്ന് സിനിമ കാണാന്‍ സ്ത്രീജനങ്ങള്‍ മടിക്കുന്നു എന്നത് വളരെ വിചിത്രമായി തോന്നി.




കാലം ഏറെ മാറി. അന്ന് പത്മരാജന്‍ സൃഷ്ടിച്ച കഥാപാത്രത്തിന്റെതുപോലുള്ള കാലമല്ല ഇന്ന്. എന്നിട്ടും അത് യാതൊരു വകഭേദവുമില്ലാതെ അതുപോലെ കൃത്യമായാണ് ടി.കെ. രാജീവ്കുമാര്‍ ചെയ്തത്. കഥാപാത്രങ്ങളായി ശ്വേതയും ശ്രീജിത്തും എന്നത് മാത്രമാണ് അതിലുണ്ടായിരുന്ന വ്യത്യാസം. വാസ്തവത്തില്‍ ചിത്രത്തിന് പഴയ രതിനിര്‍വ്വേദത്തിന്റെ ആശയം എടുത്ത് ഇന്നത്തെ കാലത്തേക്ക് പ്രസ്തുത ആശയത്തെ പറിച്ച് നട്ട് ചിത്രം ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്നുള്ളതിന്റെ നൂറിരട്ടി പ്രേക്ഷകര്‍ കയറിയേനെ.




രതിയായി ശ്വേത നിറഞ്ഞാടി. ആടിത്തകര്‍ത്തു. ഭാവങ്ങളും ഭാവപ്പകര്‍ച്ചകളും വേഷങ്ങളും പരമാവധി ഉപയോഗപ്പെടുത്തി. എന്നിട്ടും പ്രേക്ഷകര്‍ ഇന്നത്തെ രതിചേച്ചിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നത് പരമാര്‍ത്ഥമാണ്. ശ്വേത എന്ന കഴിവുറ്റ നടിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്ന് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. പക്ഷേ, ഇന്നത്തെ രതിചേച്ചിക്ക് ഇത്തിരി 'മൂപ്പു' കൂടിപ്പോയി എന്ന് പരക്കേ ആക്ഷേപമുണ്ട്. ഒരുവേള പ്രേക്ഷകര്‍ രതിചേച്ചിയായി മംമ്തയേയും മിരാജാസ്മിനെയൊക്കെ മനസ്സാ ഓര്‍ത്തു കാണണം. എന്നാല്‍ കൃഷ്ണചന്ദ്രനേക്കാള്‍ പപ്പു എന്ന കഥാപാത്രത്തിനെ മികവുറ്റതാക്കാന്‍ ശ്രീജിത്തിനായിട്ടുണ്ട് എന്നതും ഒരു പരമാര്‍ത്ഥമാണ്. ഒരു പുതിയ നടന്‍ എന്ന മട്ടും ഭാവവുമില്ലാതെ തന്മയത്വത്തോടെ അഭിനയിക്കുവാന്‍ (പപ്പുവായി ജീവിച്ചതല്ലേ... അഭിനയിച്ചില്ലല്ലോ) ശ്രീജിത്തിനായിട്ടുണ്ട്. പൊതുവെ ചിത്രം പത്മരാജന്‍ എന്ന പ്രതിഭയുടെ മികവുകൊണ്ട് പിടിച്ചു നില്‍ക്കുന്നു. അല്ലാതെ ചിത്രത്തില്‍ മറ്റൊന്നും (പ്രത്യേകിച്ച് മറ്റൊന്നും) ഇല്ല.




ടി.കെ.രാജീവ്കുമാര്‍ എന്ന നല്ല സംവിധായകന്‍ വെറും ഒരു പാവയായിപ്പോയി എന്നതില്‍ അതീവ ദുഃഖമുണ്ട്. സാധാരണക്കാരുടെ ഭാഷയില്‍ പറയുമ്പോള്‍ തനി 'ഈച്ചക്കോപ്പി' ചിത്രത്തില്‍ അദ്ദേഹം മറ്റെന്തു ചെയ്യാനാണ്. 




എങ്കിലും ഇന്നത്തെ കാലത്ത് ചിത്രം വരുമ്പോള്‍ അദ്ദേഹത്തിന്റെതായ കയ്യൊപ്പുകൂടെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കേണ്ടുന്നതായിരുന്നു. മനോജ്പിള്ള എന്ന സിനിമാട്ടോഗ്രാഫര്‍ അദ്ദേഹത്തിന്റെ ഭാഗം വളരെ നന്നായി നിര്‍വ്വഹിച്ച ചിത്രമാണ് 'ശ്വേതനിര്‍വ്വേദം'. മികച്ച ഗാനങ്ങള്‍ അണിനിരത്താന്‍ സംഗീത സംവിധായകനായ എം.ജയചന്ദ്രന് സാധ്യമായിട്ടുണ്ട്. മുരുകന്‍ കാട്ടാക്കട ഉള്‍പ്പെടെയുള്ളവര്‍ വളരെ നല്ല വരികളാണ് കോര്‍ത്തിണക്കിയത്.




 എങ്കിലും, രേവതി കലാമന്ദിറിന്റെ 'പഴയ വീഞ്ഞ് പുതീയ കുപ്പിയില്‍' പരിപാടി എത്രകാലം തുടരുമെന്ന് മലയാളി പ്രേക്ഷകര്‍ കാത്തിരിന്നു കാണണം. നീലത്താമര, ഇപ്പോള്‍ രതിനിര്‍വ്വേദം ഇനി ലയനം ആവുമോ...? (മലയാളികള്‍ക്ക് ആകാംക്ഷയുണ്ട്).

ശങ്കരനും മോഹനനും

| Posted in | Posted on

1


ശങ്കരനും മോഹനനും




മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.വി. ചന്ദ്രന്റെ ഏറ്റവും പുതിയ സിനിമ ശങ്കരനും മോഹനനും തിയറ്ററുകളില്‍ എത്തിയിരിക്കുന്നു.
പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന എന്നിവ സൃഷ്ടിച്ചതുപോലുള്ള അലകള്‍ 'ശങ്കരനും മോഹനനും' എന്നതിലൂടെ അദ്ദേഹത്തിന് സാധ്യമാവില്ല എന്ന് നഖശിഖാന്തം നമുക്ക് പറയുവാനാകും.




ശങ്കരന്‍ എന്ന 50 വയസ്സുള്ള അധ്യാപകന്റെ മരണവും അതിനു ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ മോഹനന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. വാസ്തവത്തില്‍ മരണവും മരണാനന്തര വ്യക്തിജീവിതവും തമ്മിലുള്ള ഒരു നേര്‍ത്ത പാലമായി ഇതിനെ കണക്കാക്കാം. പക്ഷേ, ചിത്രം അറുബോറനാണ് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 




സാധാരണ നിലയില്‍ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ പോലും ശ്വാസം വിടാതെ കാണുന്ന ബുദ്ധിജീവിക്കൂട്ടങ്ങള്‍ തീയറ്ററിലിരുന്ന് വാപൊളിച്ച് ഉറങ്ങുന്ന രസകരമായ കാഴ്ചയാണ് നമുക്ക് ചുറ്റും. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കനത്ത പരാജയമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം. ടി.വി. ചന്ദ്രന്‍ എന്ന പ്രതിഭയില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്.




മോഹനനെയും പിന്നെ ശങ്കരനേയും, തുടര്‍ന്ന് ശങ്കരന്‍ എന്ന വ്യക്തി ചെയ്ത വേഷപ്രച്ഛന്നങ്ങളിലൊക്കെ അഭിനയിച്ച ജയസൂര്യ ചെറുപ്പകാലത്തെ യുവജനോത്സവത്തെ ഓര്‍ത്തുപോയിക്കാണും. കാരണം എന്തുമാത്രം പ്രച്ഛന്നവേഷങ്ങളാണ് അദ്ദേഹം മനസ്സറിഞ്ഞ് ആടിയത്. തിരക്കുള്ള (ഉയര്‍ന്ന സാറ്റലൈറ്റ് വാല്യു ഉള്ള) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കമേഴ്‌സ്യല്‍ താരം എന്തുമോഹിച്ചായിരിക്കും ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തത് എന്ന് അദ്ദേഹത്തോടു തന്നെ ചോദിച്ചറിയേണ്ടിയിരിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ ഈ തീരുമാനം കനത്ത പരാജയമായിപ്പോയി.




വഴിയില്‍ കാണുന്നവരെയൊക്കെ തന്റെ മരിച്ചുപോയ സഹോദരനായി മോഹനന് തോന്നുന്നു. തെങ്ങുകയറ്റക്കാരന്‍ മുതല്‍ ജീവിതത്തില്‍ നാം കാണുന്ന എല്ലാ വേഷങ്ങളിലും ശങ്കരന്‍ പ്രത്യക്ഷപ്പെടുന്നു. ഇതോടെ ഒന്നാം പകുതി തീര്‍ന്നു. ഒരു കഥപോലുമില്ല.




 രണ്ടാം പകുതിയില്‍ ഭര്‍ത്താവ് മരിച്ച ഏട്ടത്തിയമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശങ്കരന്റെ പ്രേതം മോഹനനോട് അത് മുടക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവായി അഭിനയിക്കുന്ന സുധീഷിനെക്കൊണ്ട് കുറച്ച് കോമാളിത്തരങ്ങളും. സുധീഷ് എന്ന നല്ല നടനെക്കൊണ്ട് അനാവശ്യമായി കുറെ അഭിനയിപ്പിച്ചു. കഷ്ടം!. തികച്ചും കമേഴ്‌സ്യല്‍ ക്യാമറാമാനായ പ്രദീപ് നായരുടെ സംഭാവനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.




റിമ കല്ലിങ്ങലും, മീരാ നന്ദനും, ജഗതിയും മറ്റുള്ളവരും സാമാന്യം തരക്കേടില്ലാതെ അഭിനയിച്ചു. ആര്‍ക്കും അങ്ങിനെ അസാമാന്യമായി അഭിനയിക്കുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരു നഗ്നസത്യം മാത്രം. എന്തായാലും പ്രേക്ഷകര്‍ അപ്പാടെ നിരാശരായാണ് തീയറ്റര്‍ വിട്ട് പുറത്തിറങ്ങുന്നത്. ടി.വി. ചന്ദ്രന്‍ എന്ന പ്രതിഭയ്ക്ക് എന്തു പറ്റിയെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നതാവും ഭംഗി.

മാണിക്യകല്ല്

| Posted in | Posted on

3


മാണിക്യകല്ല്




കഥപറയുമ്പോള്‍ എന്ന മികച്ച ചിത്രത്തിനു ശേഷം എം. മോഹന്‍ അണിയിച്ചൊരുക്കിയ മാണിക്യകല്ല് സാമാന്യം നല്ല വിജയം നേടി എന്നു പറയാം.  പൃഥ്‌വിരാജ് എന്ന സൂപ്പര്‍ യുവഹീറോയെ തികച്ചും സാധാരണക്കാരനായി അവതരിപ്പിക്കാന്‍ എം.മോഹന്‍ കാണിച്ച ധൈര്യത്തെ സമ്മതിക്കണം. കാരണം, പൃഥ്‌വിരാജ് സാധാരണക്കാരനായി അഭിനയിച്ച മിക്ക മുന്‍കാല ചിത്രങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു. അതില്‍ കുറച്ചെങ്കിലും പേരെടുത്തത് പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവമാണ്. അതില്‍ പൃഥ്‌വരാജിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.




ആദ്യ സിനിമയുടെ കഥ/തിരക്കഥ എന്നിവ സ്വന്തം അളിയനായ ശ്രീനിവാസന്‍ ചെയ്തതിനാലാണ് ചിത്രം നന്നായത് (കഥപറയുമ്പോള്‍) എന്നൊരു ചീത്തപ്പേര് എം.മോഹനന് ഉണ്ടായിരുന്നു. എങ്കിലും നാലഞ്ചു വര്‍ഷം കാത്തിരുന്ന് ചെയ്ത മാണിക്യകല്ല് കമേര്‍ഷ്യലായി വലിയ വിജയം സമ്മാനിച്ചില്ലെങ്കിലും അതിന് ഒരു നല്ല ചിത്രമെന്ന പേര് നേടുവാനായി.




വര്‍ഷങ്ങളായി വിവിധ ഭാഷകളിലായി പറഞ്ഞു വന്ന ഇതിവൃത്തം ഇന്നത്തെ കാലത്തിനൊത്ത് അണിയിച്ചൊരുക്കാന്‍ എം. മോഹന് സാധ്യമായി എന്നതും വലിയൊരു വിജയമാണ്. ചിത്രത്തില്‍ അസാമാന്യമായ സംവിധാനപാടവമൊന്നും എടുത്തു പറയാനില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട തിരക്കഥയായിരുന്നു ചിത്രത്തിന്റേത് എന്നതില്‍ പ്രത്യേകിച്ച് തര്‍ക്കമൊന്നുമില്ല.  ചിത്രത്തിലെ നായികയായ സംവൃതാ സുനില്‍ വളരെ അഭിനന്ദനീയമായ പ്രകടനമാണ് കാഴ്ച വെച്ചത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച  ജഗതി, ഇന്നസെന്റ്, സലീംകുമാര്‍ എന്നിവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. എം. ജയചന്ദ്രന്റെ, ഹൃദയത്തില്‍ തട്ടുന്ന ഗാനങ്ങളും പി. സുകുമാറിന്റെ നല്ല ഫോട്ടോഗ്രഫിയും ചിത്രത്തിന് കൂടുതല്‍ മിഴിവേകി. 




നല്ല ജീവിതാംശമുള്ള കഥയാണ് മാണിക്യകല്ലിന്. ചിത്രത്തിന്റെ പേര് കുറച്ചുകൂടെ അനുയോജ്യമായ ഒന്നാക്കാമായിരുന്നു എന്ന് ഒരഭിപ്രായം പലര്‍ക്കുമുണ്ട്. ശരിയാണ്, ഉള്ളതില്‍ ഏറ്റവും നല്ല മനുഷ്യന്‍, അവന്‍ ഒരു മാണിക്യകല്ല് എന്നര്‍ത്ഥമായിരിക്കും ചിത്രത്തിന്റെ ഈ പേരുകൊണ്ട് ഉദ്ദേശിച്ചത്. എങ്കിലും ഗ്രാമീണ പശ്ചാത്തലവും, നിഷ്‌കളങ്കമായ ഇതിവൃത്തവും ഈ ചിത്രത്തിന് നല്ല പേര് നേടിക്കൊടുത്തു. 




ഏതു രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും 'മാണിക്യകല്ല് പോയി കാണെടാ'.. എന്ന് കുഞ്ഞുങ്ങളോട് പറയാന്‍ കഴിയുന്ന കലാമൂല്യമുള്ള ഒരു നല്ല ചിത്രമായി ജനങ്ങള്‍ ഇതിനകം ഇതിനെ സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ബോക്‌സ്ഓഫീസ് രംഗത്ത്, ഈ ചിത്രത്തിന്റെ നില വളരെ പരിതാപകരമാണെന്നാണ് അറിവ്.

ജനപ്രിയന്‍....

| Posted in | Posted on

4


ജനപ്രിയന്‍....


യുവ നടന്മാരില്‍ ശ്രദ്ധേയനും ഇപ്പോള്‍ സാമാന്യം നല്ല പേരുള്ള ഒരാളുമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു നാലു ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടുവാനായില്ലെങ്കിലും ജനപ്രിയന്‍ ജനങ്ങളെ രസിപ്പിച്ചുവെന്ന് പറയുകയാവും ഭേദം.




ബോബന്‍ സാമുവല്‍ എന്ന സംവിധായകന് സാമാന്യം ഭേദപ്പെട്ട കയ്യൊതുക്കം സംവിധാനത്തിലുണ്ടെന്ന് വിളിച്ചറിയിക്കുന്ന ഒരു ചിത്രമാണ് ജനപ്രിയന്‍. അധികം വളച്ചുകെട്ടലുകളൊന്നുമില്ലാതെ തികച്ചും സാധാരണമായ ഒരു കഥ പറയുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ (ഇടയ്ക്ക് തുരുതുരാ മൊബൈല്‍ വരുമെങ്കിലും) രണ്ടു മണിക്കൂര്‍ തീയറ്ററില്‍ കയറുമ്പോള്‍ സെന്റിമെന്റല്‍ സീന്‍ കാണുവാനോ, സ്ഥിരം ഫോര്‍മാറ്റിലുള്ള വിഴുപ്പലക്കുന്നത് കാണുവാനോ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നില്ലെന്ന പരമാര്‍ത്ഥം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്.




സമീപകാലത്തെ മിക്ക ചിത്രങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മനോജ് കെ. ജയന് ഇതിലും തനിക്ക് ലഭിച്ച റോള്‍ സാമാന്യം ഭേദപ്പെട്ട് ചെയ്യുവാനായി. ഭാമ നായികയാണെങ്കിലും അത്രവലിയ പ്രകടനമൊന്നും കാഴ്ചവെച്ചില്ല, എങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ മീനമാസത്തിലെ മഴപോലെ എന്തോ ഒരു ചെറിയ തണുപ്പ് നല്‍കാനായി എന്നത് പരമാര്‍ത്ഥമാണ്. പ്രദീപ് നായരുടെ ക്യാമറയില്‍ വിരിഞ്ഞ ഒരോ സീനും പ്രത്യേകം എടുത്ത്ു പറയേണ്ടുന്നതാണ്. സമീപകാലത്ത് രംഗപ്രവേശം ചെയ്ത പ്രദീപ് നായര്‍, വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ക്യാമറ ചലിപ്പിച്ചതെങ്കിലും, ഇന്നത്തെ മുന്‍നിര ക്യാമറാമാന്‍മാരില്‍ ഒരാളായി തന്റെതായ ഒരു സ്ഥാനം നേടുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.




ഒരു നായകന്‍ എന്നതിലുപരി, അസാമാന്യ അഭിനയപാടവമൊന്നും ജയസൂര്യ എന്ന നടനില്‍ ഇല്ലെന്ന് അടിവരയിട്ട് പറയാനിരിക്കേ, തന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് സ്വല്‍പം മാറി നിന്ന ഈ കഥാപാത്രത്തെ ഒരു പരിധിവരെ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇതില്‍ കൃഷ്ണപൂജപ്പുര എന്ന വ്യക്തിയുടെ തിരക്കഥയ്ക്ക് എത്ര പങ്കുണ്ടെന്ന് ചിന്തിച്ചാലറിയാം.




തോന്നക്കാടുകാരനായി എത്തിയ ജയസൂര്യ ചെയ്ത കഥാപാത്രമല്ലേ, എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സിന്ധുരാജ് വരച്ചു കൂട്ടിയത്. അപ്പോള്‍, മറ്റൊരു ചോദ്യം അത് നമ്മുടെ മീരാജാസ്മിന്‍ ലോഹിസാറിന്റെ ഒരു പടത്തില്‍ അതുപോലൊരു കഥാപാത്രത്തിനെ ചെയ്തിരുന്നില്ലേ....അങ്ങിനെയാണെങ്കില്‍.....ഇങ്ങനെ പറയുകയാണെങ്കില്‍ ഇതെല്ലാം പലതവണ മലയാളി പ്രേക്ഷകര്‍ പലതവണ ചവച്ചരച്ചവ തന്നെയാണ്. 






എങ്കിലും സിനിമ എന്നത് മെയ്ക്കിങ് ആണെന്ന് ട്രാഫിക്കിനു ശേഷം ഒരാള്‍ക്ക് കൂടി ബോധ്യപ്പെട്ടു എന്നതിനുള്ള തെളിവാണ് 'ജനപ്രിയന്‍'.  ഇതര സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകന്‍ ഇതിനെ ഒരു പടി കൂടുതല്‍ സ്വീകരിച്ചിരിക്കുന്നു എന്നതിന് മറ്റൊരു വാദമില്ല. എങ്കിലും, ഒരു സൂപ്പര്‍ ഹിറ്റിലേക്ക് ജനപ്രിയന്‍ കുതിക്കുകയുമില്ല....

ദ ട്രെയിന്‍

| Posted in , | Posted on

0




ഇതാ പുതിയ ട്രയിന്‍ വരുന്നേ എന്ന് വിളിച്ചു കൂവിയിട്ട് ഒടുക്കം പ്രേക്ഷകനെ ട്രയിനിന് തലവയ്പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ജയരാജ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ പടം 'ദ ട്രയിന്‍'.


പ്രേക്ഷകര്‍ക്ക് വളരെ ഉയര്‍ന്ന പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ പ്രസ് റിലീസ് നടന്നിരിക്കുന്നത്. സാമാന്യം നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഹാര്‍വസ്റ്റ് മീഡിയയ്ക്കായിട്ടുണ്ട്. അതുകൊണ്ടാവാം കൂടുതല്‍ പേര്‍ ആ ട്രയിനിന് തലവച്ചു പോയത്. ഈ മാസം 27ന് പുറത്തിറങ്ങിയ 'ദ ട്രയിന്‍' വെറും ഒരു പാസഞ്ചറിന്റെ ഗുണം പോലും ചെയ്തില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം. 




മുംബൈയില്‍ നടന്ന ട്രയിന്‍ സ്‌ഫോടനത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തില്‍ പ്രേക്ഷകന് രസിക്കാന്‍ ഇത്തിരിനേരം ജയസൂര്യ പ്രത്യക്ഷപ്പെടുന്നത് ഒഴിച്ചാല്‍ ചിത്രത്തിലുടനീളം അറുബോറന്‍ സീനുകളാണ്.  ഇതില്‍ മമ്മൂട്ടി അവതരിപ്പിച്ച ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ലീഡറിന്റെ റോള്‍ തികച്ചും ദുര്‍ബലമായ ഒരു കഥാപാത്രമായിപ്പോയി. എങ്കിലും കാലത്തിനൊത്ത് മാറാന്‍ സംവിധായകനായിട്ടുണ്ട്. കാരണം ചിത്രത്തിലെ എല്ലാ സീനുകളിലും 'മൊബൈല്‍' ഫോണ്‍ പ്രധാന റോള്‍ നിര്‍വ്വഹിക്കുന്നു.


വളരെ ആലോചിച്ച്, ചിന്തിച്ച് മാത്രമേ ഞങ്ങള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാറുള്ളൂ എന്നു വാദിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തു പറ്റി...? ഇപ്പോ കൂണുപോലെ മുളച്ചു പൊന്തുന്നവരും പരിപൂര്‍ണ്ണ സ്‌ക്രിപ്റ്റ് വായിച്ചറിഞ്ഞേ ഡേറ്റു നല്‍കൂ. എന്നിട്ടും മലയാള സിനിമയുടെ സ്ഥിതി ഇതാണ്. മലയാള സിനിമയുടെ ഉണര്‍വിന് മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല സ്ഥാനമൊഴിയേണ്ടത്....പകരം ചെറുപ്പക്കാര്‍ക്ക് നല്ല ആശയങ്ങളുമായി സിനിമാരംഗത്തേക്ക് കടന്നു വരുവാനുള്ള  മാര്‍ഗ്ഗമാണ് ഉണ്ടാക്കേണ്ടത്.